കോട്ടയം: കൊവിഡ് ചികിത്സയിലും പ്രതിരോധ പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച കോട്ടയം ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ഇനി കാസര്‍കോടും ലഭ്യമാകും. 93 വയസുകാരന്‍ ഉള്‍പ്പെടെ കൊവിഡ് ബാധിതരായിരുന്ന അഞ്ച് രോഗികളുടെ രോഗം ഭേദമാക്കുന്നതിൽ പങ്കാളികളായ സംഘത്തിലുള്ളവരാണ് കാസർകോട്ടേക്ക് പുറപ്പെട്ടത്. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നുള്ള 25 അംഗ വിദഗ്‌ധ സംഘത്തിൽ അനസ്തേഷ്യോളജി, ഇഎന്‍ടി, പള്‍മണോളജി, ശിശുരോഗ ചികിത്സ, സര്‍ജറി, ത്വക്ക് രോഗ ചികിത്സ എന്നീ സ്പെഷ്യാലിറ്റി ഡോക്‌ടര്‍മാരാണുള്ളത്. ആറു സ്പെഷ്യാലിറ്റികളില്‍ നിന്നായി പത്ത് ഡോക്‌ടര്‍മാരും പത്ത് സ്റ്റാഫ് നഴ്‌സുമാരും അഞ്ച് നഴ്‌സിംഗ് അസിസ്റ്റന്‍റുമാരും ഇതിലുൾപ്പെടുന്നു. കോട്ടയം മെഡിക്കൽ കോളജ് അസ്തേഷ്യോളജി വകുപ്പ് മേധാവി ഡോ. മുരളീ കൃഷ്ണനാണ് സംഘത്തിന്‍റെ ചുമതലയുള്ളത്.
തിരുവന്തപുരം മെഡിക്കല്‍ കോളജില്‍നിന്നും കാസര്‍കോട് എത്തിയിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സേവന കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കോട്ടയത്തുനിന്നുള്ള മെഡിക്കല്‍ സംഘം ചുമതല ഏല്‍ക്കുന്നത്. പതിനാലു ദിവസത്തേക്കാണ് ഇവരെ നിയോഗിച്ചുള്ളത്. കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ കലക്‌ടർ പി.കെ. സുധീര്‍ ബാബു, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, മുന്‍ എം.എല്‍.എ വി.എന്‍. വാസവന്‍ കൂടാതെ ആശുപത്രി അധികൃതരും പങ്കെടുത്തു.