കോട്ടയം: പാലായുടെ കാര്യത്തിൽ ജോസ് കെ മാണിക്ക് ഇപ്പോഴെങ്കിലും ശ്രദ്ധയുണ്ടായത് നല്ല കാര്യമാണെന്ന് മാണി സി കാപ്പൻ എംഎൽഎ. പാലായുടെ വികസനത്തിന് ആരുമായും സഹകരിക്കുമെന്നും കളരിയാമാക്കൽ പാലം പൂർത്തിയാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മാണി സി കാപ്പൻ കൂട്ടിച്ചേർത്തു.
മാണി സി കാപ്പൻ എംഎൽഎയും, ജോസ് കെ മാണിയും തമ്മിൽ മുടങ്ങി കിടക്കുന്ന പദ്ധതികളെ ചൊല്ലി നടത്തുന്ന വാക്‌പോരാണിപ്പോൾ പാലയിലെ ചർച്ചാ വിഷയം. പാലാ അരുണാപുരം ചെക്ക്ഡാം നിർമ്മാണം പൂർത്തികരിക്കണമെന്നും, നീലൂർ കുടിവെള്ള പദ്ധതി വിപുലീകരിക്കണമെന്നുമാവശ്യപ്പെട്ട് ഇറിഗേഷൻ മന്ത്രിക്ക് നിവേദനം നൽകിയതായി ജോസ് കെ മാണി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മാണി സി കാപ്പൻ ഇന്ന് രംഗത്ത് വന്നത്. മുടങ്ങി കിടന്ന അരുണാപുരം റെഗുലേറ്റർ കം ബ്രിഡ്ജ് പുനർ നിർമ്മാണത്തിനായി 19.70 ലക്ഷം രൂപയുടെ റിവൈസ്ഡ് എസ്റ്റിമേറ്റിന് അംഗീകാരം നല്കിയിരുന്നതായി മാണി സി കാപ്പൻ പറഞ്ഞു. നിലവിലുള്ള കരാറുകാരനെ മാറ്റുകയും, ഇലക്ഷൻ പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ടെന്‍ഡര്‍ നടപടി വൈകിയത്. താമസിക്കാതെ നടപടികൾ പൂർത്തിയാക്കുമെന്നും കാപ്പൻ അറിയിച്ചു.
ALSO READ: സംസ്ഥാനത്ത് കാലവർഷം ജൂൺ മൂന്നിന്
നീലൂർ കുടിവെള്ള പദ്ധതിയുടെ പേര് മാറി രാമപുരം കുടിവെള്ള പദ്ധതിയായത് പോലും മുന്‍ എം.പി ക്ക് അറിയില്ലെന്നും മാണി സി കാപ്പൻ പരിഹസിച്ചു. മലങ്കര ഡാമിൽ നിന്നും നീലൂരിൽ വെള്ളമെത്തിച്ച് പഞ്ചായത്തുകളിലേക്ക് നൽകുന്നതിനായി ടാങ്ക് നിർമ്മിക്കാൻ നീലൂരിൽ ഒന്നര ഏക്കർ സ്ഥലം വാങ്ങിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ രാമപുരം, മേലുകാവ്, കടനാട് പഞ്ചായത്ത്കളിൽ വെള്ളമെത്തിക്കും.രണ്ടാം ഘട്ടമായി മൂന്നിലവ്, കരൂർ, ഭരണങ്ങാനം പഞ്ചായത്തുകളിലും വെള്ളമെത്തിക്കുമെന്നും കാപ്പൻ അറിയിച്ചു.