കോട്ടയം: ലോക ടൂറിസം ഭൂപടത്തിൽ നിറഞ്ഞു നിൽക്കുന്ന കണ്ടൽക്കാടുകൾ പുനരുജ്ജീവിപ്പിക്കുകയാണ് കുമരകം. മുമ്പ് ആൾ താമസമില്ലാതെ ശ്മശാനഭൂമിയായിരുന്ന കുമരകം കരിപ്രദേശത്തെ രണ്ട് തുരുത്തുകളാണ് ജൈവ വൈവിദ്യ കലവറയാക്കി മാറ്റുന്നത്. കുമരകം ഗ്രാമ പഞ്ചായത്തും ഹരിത കേരളാ മിഷനും സംയുക്തമായി ഒരു വർഷം മുമ്പ് ഏറ്റെടുത്ത ദൗതൃത്തിന് ജീവൻ നൽകുന്നത് തൊഴിലുറപ്പ് തൊഴിലാളികളാണ്.
വേമ്പനാടു കായലിലെ മത്സൃ സമ്പത്തിന് കുറവുണ്ടാകുന്നതായി പഠന റിപ്പോർട്ടുകൾ എത്തിയതോടെയാണ് കണ്ടൽ ചെടികൾ നട്ടുപിടിപ്പിക്കുകയെന്ന ലക്ഷ്യവുമായി പഞ്ചായത്ത് രംഗത്തെത്തുന്നത്. ഇതിനോടകം രണ്ടായിരത്തിലധികം കണ്ടൽ ചെടികൾ തുരുത്തുകളിൽ നട്ടുപിടിപ്പിച്ചു. മീനുകളുടെയും മറ്റ് ജല ജീവികളുടെയും ആവാസ വ്യവസ്ഥക്കും പ്രജനനത്തിനും ഉതകും വിധം കണ്ടൽ ചെടികൾക്കൊപ്പം വള്ളിച്ചെടികളും മറ്റും ചേർത്തു ചെറു വനമാക്കി മാറ്റുകയെന്നതാണ് ഹരിത കേരള മിഷൻ പച്ച തുരുത്ത് എന്ന് പേര് നൽകിയിരിക്കുന്ന പദ്ധതിയുടെ ലക്ഷ്യം.