കോട്ടയം: ആചാര സ്‌മരണയിൽ പ്രസിദ്ധമായ മണർകാട് സംഘം ശബരിമലയിലേയ്‌ക്ക് യാത്രതിരിച്ചു. 38 പേരടങ്ങുന്ന അയ്യപ്പന്മാരുടെ സംഘമാണ് ഇത്തവണ മല ചവിട്ടുന്നത്. മണർകാട് ദേവീക്ഷേത്രത്തിൽ ഞായറാഴ്ച്ച രാവിലെയായിരുന്നു കെട്ടു മുറുക്ക്. 19 ന് സംഘം സന്നിധാനത്ത് എത്തും.
കോട്ടയം മണർകാട് ഭഗവതീ ക്ഷേത്രത്തിലെ ശാസ്‌താ സന്നിധിയിൽ നിന്നും 38 അയ്യപ്പന്മാരാണ് ശബരിമലയ്ക്ക് യാത്ര പുറപ്പെട്ടത്.
ഞായറാഴ്‌ച രാവിലെ പെരിയസ്വാമി രവി മനോഹറിന്‍റെ കാർമികത്വത്തിലായിരുന്നു കെട്ടുമുറുക്ക്. ദേവിയുടെ ഇരുപത്തി എട്ടര കരകളിൽനിന്നുള്ള ഭക്തർ നീലപ്പട്ടിൽ വഴിപാട് പണങ്ങൾ സമർപ്പിച്ചു.
പെരിയസ്വാമി പ്രകാശ് കുമാറിന്‍റെ നേതൃത്വത്തിൽ സന്നിധാനത്തേക്ക് മണർകാട് സംഘം യാത്ര ആരംഭിച്ചത്. പണ്ട് ശബരിമലയിലെ പൂജകൾക്കായി എത്തിയിരുന്ന തന്ത്രി, മേൽശാന്തി എന്നിവരെ സംരക്ഷിച്ച് ഘോരവനത്തിലൂടെ സന്നിധാനത്തിൽ എത്തിക്കുന്ന ചുമതല മണർകാട് സംഘത്തിനായിരുന്നു. പിന്നീട് ഇത് മുടങ്ങിയത് അനിഷ്‌ടമായി പ്രശ്‌നത്തിൽ തെളിയുകയും അതിനു പരിഹാരമായി ദേശവഴികളിൽ നിന്നു കാണിക്ക സ്വീകരിച്ച് പണക്കിഴി സമർപ്പിക്കുകയും ചെയ്‌തു എന്നാണ് ചരിത്രം.
മണർകാട് സംഘം എരുമേലിയിലെത്തി പരമ്പരാഗത കാനനപാതയായ പേരൂർതോട്, കാളകെട്ടി, അഴുത, കല്ലിടാൻകുന്ന്, കരിമല വഴി പമ്പയിൽ എത്തും. തുടർന്ന് പമ്പസദ്യ നടത്തി സന്നിധാനത്തേക്ക് പോവും. 19ന് ഉച്ചപൂജ സമയത്ത് തിരുനടയിൽ പണക്കിഴി സമർപ്പിച്ച് തന്ത്രിയിൽ നിന്ന് പ്രസാദവും സ്വീകരിച്ച് സംഘം മടങ്ങും.