കോട്ടയം: മേലരുവിയിലെ ചെക്ക് ഡാമില്‍ വീണ മക്കളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിതാവ് മുങ്ങി മരിച്ചു. അടൂർ സ്വദേശിയായ പ്രകാശാണ്(52) മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.
ആനക്കല്ലില്‍ വാടകയ്‌ക്ക് താമസിക്കുന്ന പ്രകാശൻ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം കുട്ടികളുടെ സ്‌കൂളിലെ പ്രോജക്‌ട് വര്‍ക്കിനായി ഫോട്ടോ എടുക്കാനായാണ് ഡാമിന് സമീപം എത്തിയത്. ഡാമിന് സമീപത്തൂടെ നടക്കുന്നതിനിടെ മകള്‍ കാല്‍ വഴുതി വെള്ളത്തിലേക്ക് വീണു. മകളെ രക്ഷിക്കാനായി മകന്‍ വെള്ളത്തിലേക്ക് എടുത്ത് ചാടി.
എന്നാല്‍ ഇരുവരും വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട പ്രകാശ് വെള്ളത്തിലേക്ക് ചാടി. കരയില്‍ നിന്ന പ്രകാശന്‍റെ ഭാര്യയുടെ നിലവിളി കേട്ട് നാട്ടുകാരെത്തി മൂവരെയും കരയ്ക്ക് കയറ്റിയെങ്കിലും പ്രകാശ് മരിച്ചിരുന്നു. കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
പ്രകാശിന്‍റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് കുടുംബത്തിന് വിട്ടു നല്‍കും.