കോട്ടയം: കോട്ടയം നഗരസഭയിൽ യു.ഡി.എഫ് ഭരണസമിതിക്കെതിരായി എല്‍.ഡി.എഫ് നല്‍കിയ അവിശ്വാസ പ്രമേയം പാസായി. ആകെ 52 അംഗങ്ങളുള്ള നഗരസഭയിൽ എല്‍.ഡി.എഫിനും യു.ഡി.എഫിനും 22 അംഗങ്ങൾ വീതമാണുള്ളത്. 29 പേര്‍ പ്രമേയത്തെ പിന്തുണച്ചു. 22 പേര്‍ വിട്ടു നിന്നു. കോണ്‍ഗ്രസ് അംഗങ്ങളാണ് വിട്ടു നിന്നത്.
എൽ.ഡി.എഫ് അംഗം പി.ഡി സുരേഷിന്‍റെ വോട്ട് ഒപ്പിടാത്തതിനാൽ അസാധുവായി. എല്‍.ഡി.എഫിന്‍റെ അംഗങ്ങളെ കൂടാതെ ബി.ജെ.പിയുടെ എട്ട് പേര്‍ കൂടി അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്.
അഴിമതി, ഭരണ സ്‌തംഭനം എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ് അവിശ്വാസ പ്രമേയം നൽകിയത്. എൽ.ഡി.എഫിനൊപ്പം ബി.ജെ.പിയും അവിശ്വാസത്തെ പൂർണമായും പിന്തുണച്ചു.
ദുർഭരണത്തിനെതിരായ ജനവികാരമാണ് ഉണ്ടായതെന്നും മുന്നോട്ടുള്ള കാര്യങ്ങൾ സംസ്ഥാന കമ്മിറ്റിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം അഡ്വ. കെ. അനിൽ കുമാർ പറഞ്ഞു.
നറുക്കെടുപ്പിലൂടെ ചെയർപേഴ്‌സണായ ബിൻസി സെബാസ്റ്റ്യനെതിരെയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. യു.ഡി.എഫ് വിമതയായി മത്സരിച്ച ബിൻസി കൂടി ചേർന്നതോടെയാണ് യു.ഡി.എഫ് അംഗസംഖ്യ 22 ആയത്. എൽ.ഡി.എഫും യുഡി.എഫും തുല്യ അംഗസംഖ്യ വന്നതിനാൽ നറുക്കെടുപ്പിലൂടെ ബിൻസി ചെയർപേഴ്സണാകുകയായിരുന്നു.
ഈരാറ്റുപേട്ട നഗരസയിൽ എസ്.ഡി.പി.ഐ പിന്തുണയിൽ എല്‍.ഡി.എഫ് അവിശ്വാസം പാസാക്കി യു.ഡി.എഫിന് ഭരണം നഷ്ടമായിരുന്നു. ഇതിനു പിന്നാലെയാണ് സമാന രീതിൽ ഇടതുമുന്നണിയുടെ പുതിയ നീക്കം.