കോട്ടയം: മാങ്ങാനം ചെമ്മരപ്പള്ളി പാടശേഖരത്തിൽ നൂറുമേനി കൊയ്‌ത് കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. കെ. അനിൽകുമാർ. നദീസംയോജന പദ്ധതിയുടെ കോഡിനേറ്ററായ അനിൽകുമാർ തന്നെയാണ് ചെമ്മരപ്പളളി വടക്കു പുറം പാടത്ത് നെല്ല് വിതച്ചത്. അനിൽ കുമാറിന്‍റെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പാക്കിയ നദീസംയോജന പദ്ധതിയുടെ ഭാഗമായാണ് ഇവിടെ 43 ഏക്കറിൽ നെൽകൃഷി പുനരാരംഭിച്ചത്.
തരിശായി കിടന്ന പാടശേഖരത്ത് കൃഷി ആരംഭിക്കാൻ ജനകീയ സമിതി തോടുകൾ തെളിച്ചെടുത്തു. ഇതിന്‍റെ ഫലമായി ഈ പ്രദേശത്ത് നൂറേക്കറിൽ അധികം സ്ഥലത്ത് നെൽകൃഷി പുനരാരംഭിക്കാനായി. ഇന്ന് രാവിലെ പാടശേഖര സമിതി ഭാരവാഹികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലാണ് വിളവെടുപ്പ് നടന്നത്. പ്രളയരഹിത കോട്ടയം എന്ന വലിയ പദ്ധതിയാണ് എൽഡിഎഫ് നടപ്പാക്കാൻ ആഗ്രഹിക്കുന്നതെന്ന് അനിൽ കുമാർ പറഞ്ഞു. പഴക്കാനിലം കായൽ തെളിക്കുന്ന പദ്ധതി ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.