കോട്ടയം: വിജയപുരം പഞ്ചായത്തിലെ കാരയണി നെടുംപുഞ്ച ഭാഗത്ത് മണ്ണിടിച്ചില്‍ ഭീഷണിയില്‍ കുടുംബങ്ങള്‍. എസ്‌സി/എസ്‌ടി വിഭാഗത്തില്‍പെട്ട നാലോളം കുടുംബങ്ങളാണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്‍റെ സഹായത്തോടെ 2009ലാണ് ഇവര്‍ ഇവിടെ വീട് വെച്ച് താമസം ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ വീടിരിക്കുന്ന ഭാഗത്തെ മണ്ണ് ഇടിഞ്ഞുതാണു. നെടുംപുഞ്ചയില്‍ അരുണിന്‍റെ വീടിന്‍റെ പിന്‍വശത്താണ് വലിയ മണ്ണിടിച്ചിലുണ്ടായത്. ഈ ഭാഗത്തുള്ള മറ്റ് നാല് വീടുകള്‍ക്കും വിള്ളലുകളുണ്ടായിട്ടുണ്ട്.
കുട്ടികളും പ്രായമായവരും അടക്കം ഇരുപതോളം പേരാണ് ഇവിടുള്ളത്. മുമ്പും സമാനമായ രീതിയില്‍ മണ്ണിടിച്ചിലുണ്ടായപ്പോള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഇവര്‍ പറയുന്നു. അപകടാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റൊരു വീടെടുത്ത് താമസം മാറാനാണ് പഞ്ചായത്ത് അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത് എന്നാല്‍ അതിനുള്ള വാടക എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് ഇവര്‍. അടിയന്തരമായി മറ്റൊരു സുരക്ഷിത സ്ഥലമൊരുക്കി തങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ നടപടിയുണ്ടാക്കണമെന്നാണ് ഇവരുടെ ആവശ്യം.