കോട്ടയം: എരുമേലി കണമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ (landslide) കനത്ത നാശം. ഇന്ന് പുലര്‍ച്ചെ കണമലയിൽ രണ്ട് ഇടത്താണ് ഉരുൾ പൊട്ടിയത്. മണ്ണിനടിയിൽ പെട്ട ഒരാളെ രക്ഷപ്പെടുത്തി. എടത്തിനകത്ത് ആന്‍റണി, തെനിയപ്പാക്കൽ റോബിൻ എന്നിവരുടെ വീടുകളില്‍ മണ്ണും വെള്ളവും കയറിയിട്ടുണ്ട്. റോബിന്‍റെ മാതാവ് മണ്ണിൽ പുതഞ്ഞുവെങ്കിലും രക്ഷപ്പെടുത്തി.
എരുമേലി കണമല എരുത്വാപ്പുഴ റോഡിൽ ബിഎസ്‌എന്‍എല്‍ ഓഫീസിന് സമീപം റോഡിലേക്ക് മണ്ണും കല്ലും ഒഴുകി വന്നിട്ടുണ്ട്. കീരിത്തോട് ഭാഗത്ത് ഉരുൾ പൊട്ടിയതായി അറിയുന്നു. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തുണ്ട്. രാത്രി 11 മണിയോടെ ആരംഭിച്ച മഴയാണ് ഉരുൾ പൊട്ടലിന് കാരണമെന്നാണ് കരുതുന്നുത്.
also read: Landslide: കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടല്‍; കൊല്ലത്ത് വെള്ളപ്പൊക്കം
കാഞ്ഞിരപ്പള്ളി അഗ്നി രക്ഷാ നിലയത്തിലെ സേനാംഗങ്ങൾ വെള്ളം കയറിയ ഏഴ് വീട്ടുകാരെ ഒഴിപ്പിച്ചിട്ടുണ്ട്. പാമ്പാടി ചങ്ങനാശ്ശേരി ടീം കാഞ്ഞിരപ്പള്ളി റിസർവ് ആയി ക്യാമ്പ് ചെയ്യുന്നുണ്ട്. റോഡ് ഗതാഗത യോഗ്യമല്ല. കാഞ്ഞിരപ്പള്ളി ടീം ദുരന്തബാധിത സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്യുന്നു. മുണ്ടക്കയം പുഞ്ചവയൽ പാക്കാനം ഭാഗത്ത് വീടുകളിലും കടകളിലും വെള്ളം കയറി. രാത്രിയിൽ വനത്തിൽ നിന്നും വന്ന മലവെള്ള പാച്ചിലിലാണ് ഇത് സംഭവിച്ചത്.