കോട്ടയം: ശബരിമല തീർഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നായ ഏറ്റുമാനൂരിൽ ഒരുക്കങ്ങൾ പാതിവഴിയിൽ. ശൗചാലയം ഭക്തർക്ക് കുളിക്കുന്നതിന് അടക്കമുള്ള സൗകര്യങ്ങളിലാണ് അപര്യാപ്തത. ഏറ്റുമാനൂരിലെ ഒരുക്കങ്ങൾ വിലയിരുത്താൻ ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നിരുന്നു. ശബരിമല നട തുറക്കുന്നതിനു മുമ്പ് ഒരുക്കങ്ങൾ പൂർത്തിയാക്കാനാകും എന്നായിരുന്നു പ്രഖ്യാപനം.
എന്നാൽ മണ്ഡലകാലം ആരംഭിച്ചിട്ടും ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ഇനിയും ദേവസ്വം ബോർഡിനായിട്ടില്ല. ശൗചാലയങ്ങളുടെ എണ്ണക്കുറവാണ് ഭക്തരെ ഏറ്റവും കൂടുതൽ വലയുന്നത്. 20 ഇ-ടോയ്ലറ്റുകൾ കൊണ്ടുവന്നതിൽ അഞ്ച് എണ്ണം സ്ഥാപിക്കാൻ സ്ഥലമില്ലാത്തതിനാൽ മാറ്റി വച്ചിരിക്കുന്നു. സ്ഥാപിച്ച ഇ-ടോയ്‌ലറ്റുകൾ അപകടവസ്ഥയിലുമാണ്. കല്ലുകൾ നിരത്തിയ തറയിൽ യാതൊരു സുരക്ഷയുമില്ലാതെയാണ് ഇ-ടോയ്‌ലറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. മണ്ഡല കാലാരംഭത്തിന് മുമ്പ് നിർമാണം പൂർത്തികരിക്കാനിരുന്ന ടോയ്‌ലറ്റുകളുടെ നിർമാണം പാതിവഴിയിലാണ്.
ക്ഷേത്ര പരിസരത്ത് ഗതാഗത തടസവും നേരിടുന്നുണ്ട്. വരും ദിവസങ്ങളിൽ തീർഥാടകർ വർധിക്കുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകാനും ഇടയുണ്ട്. അതേ സമയം ആരോഗ്യ വകുപ്പിന്‍റെ സേവനം 24 മണിക്കൂറും ഇവിടെ ലഭ്യമാണ്. മൂന്നിടങ്ങളിലായി അയ്യപ്പഭക്തർക്ക് വിരിവയ്ക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.