കോട്ടയം: 104-ാം വയസില്‍ നാലാം ക്ലാസ് പരീക്ഷയ്ക്ക് പഠിക്കുകയാണ് കുട്ടിയമ്മ. പഠിക്കണം, പാസാകണം. അതു മാത്രമാണ് ആഗ്രഹം. നൂറ്റിനാലാം വയസിൽ സാക്ഷരത പരീക്ഷയിൽ വിജയിച്ചതിന്‍റെ സന്തോഷത്തിലാണ് കുട്ടിയമ്മ. അയർക്കുന്നം പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം നടന്ന സാക്ഷരത പരീക്ഷയിൽ 100 ൽ 89 മാർക്ക് നേടിയാണ് കുട്ടിയമ്മ നാട്ടിലെ താരമായത്. സാക്ഷരത പരീക്ഷയിൽ ജയിച്ചതോടെ നാലാം ക്ലാസ് പരീക്ഷയെഴുതുവാനുള്ള യോഗ്യതയും നേടി.
ALSO READ: മഹാനായ നേതാവ്; വിവാദങ്ങൾക്കിടെ ജി.സുധാകരനെ പുകഴ്ത്തി എച്ച് സലാം എം.എൽ.എ
മലയാളവും കണക്കുമായിരുന്നു പരീക്ഷ വിഷയങ്ങൾ. തിരുവഞ്ചൂർ കുന്നുംപുറത്തെ അംഗനവാടിയിലെ സാക്ഷരത പ്രേരക് രഹനയാണ് കുട്ടിയമ്മയെ പഠിപ്പിച്ചത്. സ്‌കൂളില്‍ പോയിട്ടില്ലാത്ത കുട്ടിയമ്മയ്ക്ക് വായിക്കാൻ അറിയാമായിരുന്നെങ്കിലും എഴുതാൻ അറിയില്ലായിരുന്നു.
എല്ലാ ദിവസവുo വൈകുന്നേരം കുട്ടിയമ്മയുടെ വീട്ടിലായിരുന്നു പഠനം. കേൾവിക്കുറവ് ഉണ്ടെന്നതൊഴിച്ചാൽ കുട്ടിയമ്മയ്ക്ക് മറ്റു പ്രശ്‌നങ്ങളൊന്നുമില്ല. പാഠപുസ്‌തകത്തിലെ പാട്ട് പാടുമ്പോഴും പരീക്ഷയുടെ കാര്യങ്ങള്‍ പറയുമ്പോഴും കുട്ടിയമ്മ സന്തോഷം കൊണ്ട് മതിമറക്കും. വായനയ്ക്ക് കണ്ണാടി വേണ്ട. വെളിച്ച കുറവ് ഉണ്ടെങ്കിൽ മാത്രം അൽപം ബുദ്ധിമുട്ടുണ്ട്.
ALSO READ: കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലാളി കൊല്ലപ്പെട്ടു; പ്രതിഷേധം ശക്തമാക്കി നാട്ടുകാര്‍
കുട്ടിയമ്മയുടെ ഭർത്താവ് ടികെ കോന്തി 2002 ൽ ആണ് മരിച്ചത്. സാക്ഷരത പ്രേരക് രഹന മുൻപ് സാക്ഷരത ക്ലാസിൽ ചേർക്കാൻ കുട്ടിയമ്മയെ സമീപിച്ചിരുന്നെങ്കിലും അന്ന് നടന്നില്ല. പിന്നീട് ഇപ്പോൾ ആവശ്യപ്പെട്ടപ്പോൾ വളരെ താത്പര്യത്തോടെയാണ് കുട്ടിയമ്മ ക്ലാസിൽ പങ്കെടുത്തതെന്ന് രഹന പറയുന്നു.
ജില്ലയിൽ 509 പേരാണ് സാക്ഷരത പരീക്ഷയെഴുതിയത്. കുട്ടിയമ്മയുടെ സാക്ഷരത ക്ളാസിൽ നിന്ന് പരീക്ഷയെഴുതിയ 7 പേരും വിജയിച്ചു. അതില്‍ നൂറ്റിനാലാം വയസിൽ മികച്ച വിജയം കൈവരിച്ച കുട്ടിയമ്മ തന്നെയാണ് പരീക്ഷയിലെ മിന്നും താരം.