കോട്ടയം: ജീവനക്കാരുടെ പ്രശ്‌നങ്ങളെ പറ്റി ചിന്തിക്കാത്ത എംഡിമാരും കെഎസ്ആര്‍ടിസിയില്‍ ഉണ്ടായിട്ടുണ്ടെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്‍റ് കെജെ തോമസ്. ഈരാറ്റുപേട്ടയില്‍ കെഎസ്ആര്‍ടിസി എംപ്ലോയീസ് അസോസിയേഷന്‍ കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ എംഡി ടോമിൻ തച്ചങ്കരിയെ ഉദ്ദേശിച്ചായിരുന്നു കെജെ തോമസിന്‍റെ വാക്കുകള്‍.
കെഎസ്ആര്‍ടിസി അതീവ ഗുരുതരാവസ്ഥയിലാണ് കടന്നുപോകുന്നത്. ഒട്ടേറെ കമ്മീഷന്‍ റിപ്പോര്‍ട്ടുകളാണ് കെഎസ്ആര്‍ടിസിയെ കരകയറ്റാനായി വന്നിട്ടുള്ളത്. ഏറ്റവും അവസാനം വന്ന റിപ്പോര്‍ട്ട് അനുസരിച്ചുള്ള നിര്‍ദേശങ്ങളില്‍ ചിലത് നടപ്പാക്കിവരികയാണ്. പക്ഷേ ജീവനക്കാര്‍ക്ക് താത്പര്യമില്ലാത്ത മാനേജിംഗ് ഡയറക്ടര്‍മാര്‍ വരുന്നത് കോര്‍പറേഷന് തിരിച്ചടിയാണ്. ജീവനക്കാര്‍ക്കെതിരെ വൈരാഗ്യബുദ്ധിയോടെ പെരുമാറിയ എംഡിയായിരുന്നു മുമ്പുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ ഏറിയതോട സര്‍ക്കാര്‍ ഇടപെട്ട് അദേഹത്തെ മാറ്റിയതായും തോമസ് കൂട്ടിച്ചേര്‍ത്തു.
സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് ഹാളിൽ നടന്ന സമ്മേളനത്തില്‍ കെഎസ്ആര്‍ടിസി എംപ്ലോയീസ് അസ്സോസിയേഷൻ സിഐടിയു ജില്ലാ പ്രസിഡന്‍റ് പികെ പ്രസാദ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി പികെ അനിഷ്, സിഐടിയു പൂഞ്ഞാർ ഏരിയാ സെക്രട്ടറി ജോയി ജോർജ്, സംസ്ഥാന ട്രഷറർ പി ഗോപാലകൃഷണൻ, ജനറൽ സെക്രട്ടറി സികെ ഹരികൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് പ്രകടനവും നടന്നു.