കോട്ടയം: കെആര്‍ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്തുനിന്നും അടൂർ ഗോപാലകൃഷ്‌ണന്‍ രാജിവച്ച ശേഷം പ്രതികരണവുമായി വിദ്യാർഥികൾ. അടൂരിന്‍റെ രാജി സ്വാഗതം ചെയ്യുന്നു. ജാതി വിവേചനം ഉൾപ്പെടെയുള്ള കാര്യങ്ങൾ നടന്നുവെന്ന ആരോപണത്തില്‍ ഉറച്ച് നിൽക്കുന്നുവെന്നും വിദ്യാര്‍ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജാതിവിവേചനവും വിദ്യാര്‍ഥി വിരുദ്ധ നിലപാടും കാണിച്ച, നേരത്തേ രാജിവച്ച ഇന്‍സ്റ്റിറ്റ്യുട്ട് ഡയറക്‌ടര്‍ ശങ്കര്‍ മോഹനെ പിന്തുണച്ചാണ് അടൂരിന്‍റെ രാജി. ഈ പിന്തുണയില്‍ വിദ്യാര്‍ഥികള്‍ അതൃപ്‌തി അറിയിച്ചു. ഇൻസ്റ്റിറ്റ്യൂട്ടില്‍ നടന്ന അന്വേഷണത്തിന്‍റെ റിപ്പോർട്ട് പുറത്തുവിടണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.
ALSO READ| കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജി വച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍
അതേസമയം, അടൂരിന്‍റെ രാജിയ്‌ക്ക് പിന്നാലെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരും പ്രതികരിച്ചു. ശങ്കർ മോഹൻ്റ വീട്ടിലെ ശുചിമുറി കഴുകിപ്പിച്ചുവെന്നത് സത്യമാണ്. ദലിത് വിഭാഗത്തിൽപ്പെട്ടവർ ശുചീകരണ തൊഴിലാളികളുടെ കൂട്ടത്തിൽ ഇല്ലെന്ന് അടൂർ പറയുന്നത് തെറ്റായ കാര്യമാണ്. ഒരാൾ ദലിത് വിഭാഗത്തിൽപ്പെട്ടയാളും മൂന്ന് പേർ ഒബിസി വിഭാഗത്തിലുള്ളവരുമാണ്. ഇതിൽ മൂന്ന് പേർ വിധവകളാണ്. തങ്ങളെ വേട്ടയാടുന്ന സ്ഥിതിവിശേഷമാണുള്ളത്. ഈ മാസം ശമ്പളമില്ലെന്ന് അറിയിപ്പ് കിട്ടിയിട്ടുണ്ട്. കഴിഞ്ഞ മാസം 2000 രൂപ വെട്ടിക്കുറച്ചെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു.