കോട്ടയം: കെപിസിസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷങ്ങൾക്ക് തുടക്കമായി. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഇന്നലെ വൈക്കത്ത് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിർവഹിച്ചു. വൈക്കം സത്യഗ്രഹം ഇന്ത്യയില്‍ ആകമാനം സാമൂഹ്യമാറ്റത്തിന് വഴി തെളിച്ചു എന്ന് അദ്ദേഹം പറഞ്ഞു.
സാമുദായിക അസമത്വങ്ങൾക്കെതിരെ പടവെട്ടിയ ചരിത്രമാണ് കോൺഗ്രസിന്‍റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാഹാത്മാ ഗാന്ധി, ശ്രീനാരായണ ഗുരു, ടി കെ മാധവൻ എന്നീ നവോഥാന നായകന്മാരെയും ഖാര്‍ഗെ അനുസ്‌മരിച്ചു. കോൺഗ്രസ് സമഭാവനയുടെയും സമത്വത്തിന്‍റെയും പാതയിലാണ് നീങ്ങുന്നത്. ഇന്ത്യൻ ജനാധിപത്യമൂല്യങ്ങൾക്ക് അനുസൃതമായി കോൺഗ്രസ് പ്രവർത്തിക്കുന്നു. എന്നാൽ, മോദി സർക്കാർ ജനാധിപത്യത്തെ അടിമുടി പിഴുതു മാറ്റാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് ഇന്ത്യൻ പാർലമെന്‍റ് ചരിത്രത്തിലെ കറുത്ത ദിനമായി കണക്കാക്കുന്നതായും ഖാര്‍ഗെ വ്യക്തമാക്കി. പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം രാഹുൽ ഗാന്ധിയ്‌ക്കൊപ്പം അണിനിരന്നു കഴിഞ്ഞുവെന്നും ജനാധിപത്യ ധ്വംസനത്തെ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയോടുളള കേന്ദ്ര സർക്കാരിന്‍റെ പ്രതികാര നടപടിയിൽ പ്രതിഷേധിച്ച് നേതാക്കൾ കറുത്ത തുണി കൊണ്ട് വായ് മൂടി കെട്ടി പ്രതിഷേധിച്ചു. രാഹുൽ ഗാന്ധിയുടെ ചിത്രം ഉയർത്തിയായിരുന്നു പ്രതിഷേധം.
പ്രചരണ ജാഥകൾ വൈക്കം ടി കെ മാധവൻ നഗറിലേക്ക്: സമ്മേളനത്തിന് മുന്നോടിയായി പ്രമുഖ നേതാക്കൾ നയിക്കുന്ന വിവിധ പ്രചരണ ജാഥകൾ നടന്നു. കേരളത്തിന്‍റെ വിവിധ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിൽ നിന്നാരംഭിച്ച പ്രചരണ ജാഥകൾ സമ്മേളന നഗരിയായ വൈക്കം ടി കെ മാധവൻ നഗറിൽ എത്തിച്ചേർന്നു.
കെപിസിസി വർക്കിങ് പ്രസിഡന്‍റ് ടി സിദ്ദിഖ് നയിച്ച നവോഥാന നായക ഛായാചിത്ര ജാഥ, എം എം ഹസൻ നയിച്ച മഹാത്മഗാന്ധി ഛായാചിത്ര ജാഥ, കെപിസിസി വർക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എംപി നയിച്ച കേരള നവോഥാന സ്‌മൃതിയാത്ര, ഇ വി കെ എസ് ഇളങ്കോവൻ നയിച്ച വൈക്കം വീരർ ഛായാചിത്ര ജാഥ, ആന്‍റോ ആന്‍റണി എംപി നയിച്ച വൈക്കം സത്യഗ്രഹ രക്തസാക്ഷി സ്‌മൃതി ചിത്രജാഥ എന്നിവ ഇന്നലെ രാത്രിയോടെ വൈക്കത്ത് എത്തിച്ചേർന്നു. അടൂർ പ്രകാശ് എംപി നയിച്ച അയിത്തോച്ചാടന ജ്വാല പ്രയാണം സമ്മേളന നഗരിയായ ടി കെ മാധവൻ നഗറിലും എത്തിച്ചേർന്നു. ജ്വാല തെളിയിച്ചതോടെ ആഘോഷ പരിപാടികൾക്ക് ആരംഭമായി.
കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മുഖ്യാതിഥിയായി. പ്രതിപക്ഷനേതാവ് വി ഡി സതീശൻ, മുതിർന്ന നേതാവ് താരീഖ് അൻവർ, സെക്രട്ടറി വിശ്വനാഥ പെരുമാൾ, എംഎൽഎമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, മുൻ എംഎൽഎമാരായ എം എം ഹസൻ, കെ സി ജോസഫ്, മുൻ കെപിസിസി
പ്രസിഡന്‍റുമാർ, എഐസിസി ഭാരവാഹികൾ, രാഷ്‌ട്രീയകാര്യ സമിതി അംഗങ്ങൾ, കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡന്‍റുമാർ, എംഎൽഎമാർ, എംപിമാർ എന്നിവർ പങ്കെടുത്തു.
ശതാബ്‌ദി ആഘോഷ കമ്മിറ്റി ചെയർമാൻ വി പി സജീന്ദ്രൻ, കൺവീനർ എം ലിജു, ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുത്തു. ആയിരക്കണക്കിന് പ്രവർത്തകർ സമ്മേളനത്തിന്‍റെ ഭാഗമായി.