കോട്ടയം: ഏത് സമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ് കോട്ടയം പാമ്പാടി മൃഗാശുപത്രി കെട്ടിടം. കെട്ടിടത്തിന്‍റെ മേൽക്കൂര അടക്കമുള്ള പലഭാഗങ്ങളും തകർന്ന് വീഴാറായ അവസ്ഥയിലാണ്. ശക്തമായ മഴയിൽ കെട്ടിടം പൂർണ്ണമായും ചോർന്നൊലിക്കും. കൂടാതെ മൃഗങ്ങൾക്ക് വേണ്ട മരുന്നുകൾ സൂക്ഷിക്കാനും ഇവിടെ സംവിധാനമില്ല. ആശുപത്രി ജീവനക്കാർക്ക് അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ലഭ്യമല്ല.
ഒരു വർഷം മുമ്പ് പുതിയ ആശുപത്രിയുടെ നിർമ്മാണോദ്ഘാടനം നടന്നെങ്കിലും കോൺട്രാക്ടറുടെയും പിഡബ്ല്യുഡി വകുപ്പിന്‍റെയും കെടുകാര്യസ്ഥത മൂലം കെട്ടിട നിര്‍മ്മാണം ആരംഭഘട്ടത്തിൽ തന്നെയാണ്. പുതിയ വാടക കെട്ടിടത്തിലേക്ക് മാറാൻ നിർദേശമുണ്ടെങ്കിലും ആശുപത്രി അധികൃതർ മുൻകൈ എടുക്കാത്തതിനാൽ നടക്കുന്നില്ല. ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് ഒരു മറുപടിയും ലഭിക്കുന്നില്ലെന്നാണ് ജില്ലാ മൃഗസംരക്ഷണ ഓഫീസർ തന്നെ പറയുന്നത്. വളർത്തുമൃഗങ്ങളുമായി എത്തുന്നവരെ ഡോക്ടർ മറ്റ് സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞു വിടുന്നതായും മരുന്നുകളും മറ്റും നൽകാതിരിക്കുന്നതായും ആരോപണമുണ്ട്. പുതിയ കെട്ടിടത്തിന്‍റെ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കുകയോ സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കുകയോ വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.