കോട്ടയം: പൂട്ടി കിടന്ന വീട്ടിന്‍റെ മുന്‍വാതില്‍ കുത്തിതുറന്ന് മോഷണം. കോട്ടയം തെള്ളകം തറപ്പേൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അലക്‌സാണ്ടറുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടില്‍ നിന്നും രണ്ടേകാൽ പവൻ തൂക്കമുള്ള സ്വർണാഭരണവും, വിലപടിപ്പുള്ള പുതിയ സാരിയുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.
അലക്‌സാണ്ടറും, ഭാര്യ കുസുമവും, മകളുമാണ് ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നത്. ഒക്‌ടോബര്‍ രണ്ടിനാണ് അലക്‌സാണ്ടറും കുടുംബവും വീട് പൂട്ടി ഇടുക്കി കട്ടപ്പനയിലേക്ക് പോയി. അവിടെ നിന്നും ഒരാഴ്‌ചയ്‌ക്ക് ശേഷം ഇന്നലെ (ഒക്ടോബര്‍ 9) വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം കുടുംബം അറിയുന്നത്.
വീടിന് മുൻവശത്തെ വാതില്‍ പൂട്ട് തകര്‍ത്താണ് മോഷ്‌ടാവ് വീടിനുള്ളിൽ പ്രവേശിച്ചത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും വില കൂടിയ ഉപയോഗിക്കാത്ത സാരിയും മോഷ്‌ടിച്ചതിനൊപ്പം മറ്റു മുറികളിലെ അലമാരകളും തുറന്നിട്ട നിലയിലായിരുന്നു. ടെറസിന് മുകളിലും താഴത്തെ നിലയിലെ മുറികളിലും മോഷ്‌ടാവ് പ്രവേശിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
വിരലടയാള വിദഗ്‌ദരും ഡോഗ് സ്‌ക്വാഡും വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. ഏറ്റുമാനുര്‍ പൊലീസിനാണ് സംഭവത്തില്‍ അന്വേഷണചുമതല.