കോട്ടയം : രണ്ടര പതിറ്റാണ്ട് കാത്തിരിപ്പിനൊടുവിൽ കേരളത്തിൽ സമ്പൂർണ റെയില്‍വേ ഇരട്ടപ്പാത യാഥാർഥ്യമായി. 16.7കിലോമീറ്റർ നീളം വരുന്ന ചിങ്ങവനം -ഏറ്റുമാനൂർ രണ്ടാം പാത തുറന്നതോടെയാണ് 21 വർഷം നീണ്ട സംസ്ഥാനത്തിന്‍റെ കാത്തിരിപ്പിന് വിരാമമായത്. ഇതോടെ കായംകുളം-കോട്ടയം-എറണാകുളം പാത വൈദ്യുതീകരിച്ച ഇരട്ടപ്പാതയായി കമ്മീഷൻ ചെയ്‌തു.
പാലക്കാടുനിന്ന് തിരുനെൽവേലിക്ക് പോയ പാലരുവി എക്‌സ്‌പ്രസ് ഇരട്ടപ്പാതയിലൂടെ ആദ്യ യാത്ര നടത്തി. തോമസ് ചാഴിക്കാടൻ എംപിയുടേയും റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ കോട്ടയം സ്റ്റേഷൻ മാനേജർ ബാബു തോമസ് ഫ്ലാഗ് ഓഫ് ചെയ്‌തു. ഇതോടെ പത്ത് ദിവസമായി തുടരുന്ന ട്രെയിൻ ഗതാഗത നിയന്ത്രണം പിൻവലിച്ചു.
ഇരട്ടപ്പാതയുടെ സംയോജന ജോലികൾ ഞായറാഴ്‌ച വൈകിട്ടോടെ പൂർത്തിയായി. തുടർന്ന് രണ്ട് ബോഗി ഘടിപ്പിച്ച ട്രെയിൻ ചിങ്ങവനം വരെ പരീക്ഷണ ഓട്ടം നടത്തി. എറണാകുളം റെയിൽവേ ചീഫ് അഡ്‌മിനിസ്‌ട്രേഷൻ ഓഫിസർ ആർ.ഡി ജിംഗാർ, തിരുവനന്തപുരം ഡിവിഷണൽ മാനേജർ മുകുന്ദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്തിമ പരിശോധനകൾ.