കോട്ടയം: ജില്ലയുടെ പൈതൃകവും സംസ്‌കാരവും അടയാളപ്പെടുത്തിയ ചുവർചിത്രങ്ങള്‍ ശ്രദ്ധേയമാവുന്നു. കോട്ടയം പബ്ലിക് ലൈബ്രറിയുടെ മതിലിലാണ് ജില്ലയെ അടയാളപ്പെടുത്തുന്ന ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. സിഎംഎസ് കോളജ്, വൈക്കം ക്ഷേത്രം, ജുമാമസ്‌ജിദ്, തിരുനക്കരക്ഷേത്രം തുടങ്ങിയവ പ്രശസ്‌ത ചിത്രകാരൻ ആർട്ടിസ്റ്റ് സുജാതന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വരച്ചത്.
കേരളത്തിന്‍റെ സാംസ്‌കാരിക വളർച്ചയ്ക്കും സാമൂഹികമാറ്റങ്ങൾക്കും ഇടയാക്കിയ പശ്ചാത്തലങ്ങളാണ് ചിത്രങ്ങളായത്. ക്ഷേത്ര പ്രവേശന വിളംബരത്തിന് ഇടയാക്കിയ വൈക്കം ക്ഷേത്രം, അക്ഷര വെളിച്ചം പകർന്ന സിഎംഎസ് കോളജ്, അതിപുരാതനമായ താഴത്താങ്ങാടി ജുമാമസ്‌ജിദ്, തിരുനക്കരക്ഷേത്രം, ചെറിയപള്ളി, മണർകാട് പള്ളി തുടങ്ങി പ്രശസ്‌തമായ ദേവാലയങ്ങളുടെ ചിത്രങ്ങളും മതിലില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഇവിടെയെത്തുന്ന ഏതൊരാൾക്കും കോട്ടയത്തെ സാംസ്‌കാരിക പൈതൃകം അടുത്തറിയാനും സ്ഥലങ്ങള്‍ സന്ദർശിക്കാനും പ്രചോദനം ജനിപ്പിക്കുന്നതാണ് ഈ ചിത്രങ്ങള്‍. വായന മാത്രമല്ല സാംസ്‌കാരിക സമ്പന്നമായ പൈതൃക പാരമ്പര്യം കൂടി മറ്റുള്ളവരിലേക്ക് പകരാന്‍ കൂടിയാണ് ഈ ഉദ്യമത്തിന്‍റെ ലക്ഷ്യമെന്ന് പബ്ലിക് ലൈബ്രറി പ്രസിഡന്‍റ് എബ്രഹാം ഇട്ടിച്ചെറിയ പറഞ്ഞു. പുത്തൻ ട്രെൻഡായി മാറിയ കോട്ടയത്തെ ആമ്പൽ വസന്തവും ഈ ചുമരുകളിൽ കാണാം. കാനായി കുഞ്ഞിരാമന്‍റെ അക്ഷര ശില്‍പവും ലൈബ്രറി കാമ്പസിലുണ്ട്.