കോട്ടയം: പങ്കാളികളെ പങ്കുവയ്ക്കലില്‍ ഒരു തവണ ഇടപാടിന് 14,000 രൂപയെന്ന് പൊലീസ്. പങ്കാളികളെ പരസ്‌പരം കൈമാറി ലൈംഗികബന്ധത്തിലേർപ്പെടുന്ന സംഘത്തെ കഴിഞ്ഞ ദിവസമാണ് കറുകച്ചാല്‍ പൊലീസും എറണാകുളം പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഇതുവരെ കേസില്‍ ആറ് പേര്‍ അറസ്റ്റിലായി. ഇതിനിടെ ഒരാൾ സൗദിയിലേക്ക് കടന്നതായി പൊലീസിന് വിവരം കിട്ടി. ഇയാളെ തിരികെ എത്തിക്കാനുള്ള ശ്രമം തുടങ്ങി.
ടെലഗ്രാം, മെസഞ്ചർ തുടങ്ങിയ ആപ്പുകളിൽ സീക്രട്ട് ഗ്രൂപ്പുകളുണ്ടാക്കിയാണ് സംഘത്തിന്‍റെ പ്രവർത്തനം. പങ്കാളികളില്ലാതെ വരുന്നവരെ സ്റ്റഡ് എന്നാണ് വിളിക്കുന്നത്. പങ്കാളിയുമായി വന്നാല്‍ 7,000 മുതല്‍ 10,000 രൂപ വരെ നല്‍കണം. ഭാര്യ ഇല്ലാതെ വന്നാല്‍ 14,000 രൂപ. സമൂഹത്തിൽ ഉന്നത ജീവിതം നയിക്കുന്നവരടക്കം ഗ്രൂപ്പുകളിൽ അംഗങ്ങളാണ്. കേസുമായി ബന്ധപ്പെട്ട് സ്ത്രീകളടക്കം ഒട്ടേറേ പേരെ ചോദ്യം ചെയ്യുന്നുണ്ട്. കേസില്‍ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
പത്തനാട് സ്വദേശിനി ഭർത്താവിനെതിരെ നൽകിയ പരാതിയുടെ അന്വേഷണത്തിലാണ് പങ്കാളികളെ പരസ്‌പരം കൈമാറുന്ന റാക്കറ്റിനെ കുറിച്ച് പുറം ലോകം അറിയുന്നത്. ഭര്‍ത്താവ് മറ്റ് നാല് പേരുടെ കൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് നിര്‍ബന്ധിച്ചുവെന്നും പ്രകൃതി വിരുദ്ധ ലൈംഗികതയ്‌ക്ക് സമ്മര്‍ദം ചെലുത്തിയെന്നുമാണ് യുവതിയുടെ പരാതി. ഒന്‍പത് പേര്‍ പരാതിക്കരിയെ പീഡിപ്പിച്ചെന്നാണ് പൊലീസ് വ്യക്തമാക്കി.
സമാനമായി ചങ്ങനാശേരി സ്വദേശിനി നല്‍കിയ പരാതിയില്‍ ഇനി രണ്ട് പേരെക്കൂടി പിടികൂടാനുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് കേസില്‍ അറസ്റ്റിലായത്. യുവതിയുടെ പരാതി ലഭിച്ചതിന് പിന്നാലെ കറുകച്ചാൽ പൊലീസ് പല സംഘങ്ങളായി തിരിഞ്ഞ് സൈബർ പൊലീസിന്‍റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടാനായത്.