കോട്ടയം: താഴത്തങ്ങാടിയില്‍ ദമ്പതികളെ ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് ബിലാലിനെ കോടതി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്‌ച ഉച്ച കഴിഞ്ഞ് മൂന്ന് മണി വരെയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കൂടുതല്‍ തെളിവ് കണ്ടെത്താൻ വേണ്ടിയാണ് കസ്റ്റഡിയില്‍ വാങ്ങുന്നതെന്ന് അന്വേഷണ സംഘം അറിയിച്ചു.
ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. കുറ്റം സമ്മതിക്കുന്നുവെന്നും ശിക്ഷ ലഭിച്ചാൽ മതി അഭിഭാഷകൻ വേണ്ടന്നും കോടതിയിലെത്തിച്ചപ്പോൾ പ്രതി പൊലീസിനോട് പറഞ്ഞു. താഴത്തങ്ങാടി പാപ്പാടം ഷാനി മൻസിലിൽ മുഹമ്മദ് സാലി ഭാര്യ ഷീബ എന്നിവരെ വീട്ടിൽ കയറി ആക്രമിക്കുകയും ഷീബയെ കൊലപ്പെടുത്തുകയുമായിരുന്നു. അക്രമം നടത്തിയ ശേഷം പ്രതി വീട്ടിൽ നിന്നും മോഷ്ടിച്ച ആഭരണങ്ങളും കാറുമായി രക്ഷപ്പെട്ടു. വീടിന്‍റെ താക്കോലും മൊബൈൽ ഫോണും തണ്ണീർമുക്കം ബണ്ടില്‍ ഉപേക്ഷിച്ചതായാണ് പ്രതിയുടെ മൊഴി. പ്രതിയെ തണ്ണീർമുക്കം ബണ്ടിലെത്തിച്ച് തെളിവെടുത്ത ശേഷം, ആലപ്പുഴയിൽ പ്രതി താമസിച്ച ലോഡ്ജിലും, പെട്രോൾ പമ്പിലുമെത്തിച്ച് തെളിവെടുപ്പ് നടത്തും.