കോട്ടയം: നഗരത്തിൽ യുവാവിനെ കൊന്ന് മൃതദേഹം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലിട്ടെന്ന വാർത്ത കേട്ടാണ് തിങ്കളാഴ്‌ച നഗരം ഉറക്കമുണർന്നത്. അടുത്തിടെ ഒട്ടേറെ ഗുണ്ടാ ആക്രമണങ്ങള്‍ റിപ്പോർട്ട് ചെയ്‌ത കോട്ടയത്ത് പുതിയ കൊലപാതകവും മൃതദേഹം പൊലീസ് സ്റ്റേഷനിലെത്തി ഉപേക്ഷിച്ച സംഭവവും നാട്ടുകാരിൽ ഞെട്ടലുണ്ടാക്കുകയാണ്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജോമോൻ തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയാണ് വിമലഗിരി സ്വദേശിയായ ഷാൻബാബുവിന്‍റെ മൃതദേഹവുമായി ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലെത്തിയത്. പൊലീസുകാരെ ബഹളം വച്ച് വിളിച്ചുവരുത്തിയ ശേഷം ഷാനിനെ താൻ കൊലപ്പെടുത്തിയതായി ഇയാൾ വിളിച്ചു പറയുകയായിരുന്നു.
ഉടൻതന്നെ പോലീസ് സംഘം ഷാനിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നാലെ ജോമോനെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. ഞായറാഴ്‌ച രാത്രി ഒമ്പതരയോടെയാണ് ഷാനിനെ ജോമോൻ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് പറയുന്നത്. ഓട്ടോയിലെത്തിയ ജോമോൻ കീഴുംകുന്നിൽവെച്ച് ഷാനിനെ ഓട്ടോയിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.
തുടർന്ന് പലയിടങ്ങളിലേക്ക് കൊണ്ടുപോയി. ഇതിനിടെ ക്രൂരമായി മർദിക്കുകയും ഷാൻ കൊല്ലപ്പെടുകയുമായിരുന്നു. പുലർച്ചെ മൂന്നരയോടെയാണ് ഷാനിന്‍റെ മൃതദേഹം തോളിലേറ്റി ജോമാൻ പൊലീസ് സ്റ്റേഷന് മുന്നിലെത്തിയത്. തുടർന്ന് മൃതദേഹം ഇവിടെ തള്ളിയശേഷം ഷാനിനെ കൊലപ്പെടുത്തിയെന്ന് വിളിച്ചുപറയുകയായിരുന്നു.
ALSO READ കൊവിഡ് കണക്കിൽ നേരിയ കുറവ്; രാജ്യത്ത് 24 മണിക്കൂറിൽ 2.58 ലക്ഷം രോഗികൾ
ഷാനിനെ കാണാതായതിന് പിന്നാലെ ഇയാളുടെ അമ്മ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. യുവാവിനെ കണ്ടെത്താനായി വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മണിക്കൂറുകൾക്കകമാണ് ഷാനിന്‍റെ മൃതദേഹവുമായി ജോമോൻ പൊലീസ് സ്റ്റേഷനിലെത്തിയത്.
പ്രതി ജോമോൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ നവംബർ 21-ന് ഇയാളെ കാപ്പാ ചുമത്തി നാടുകടത്തിയിരുന്നു. ഈ വിലക്ക് മറികടന്നാണ് ജോമോൻ കോട്ടയം ജില്ലയിൽ പ്രവേശിച്ചത്.
സംഭവ സമയത്ത് ഇയാൾ കഞ്ചാവും മദ്യവും ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുൻവൈരാഗ്യമാണ് ഷാനിന്‍റെ കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സൂര്യൻ എന്നയാളും ജോമോനും തമ്മിൽ തർക്കമുണ്ടായിരുന്നു.
സൂര്യന്‍റെ അടുത്ത സുഹൃത്താണ് കൊല്ലപ്പെട്ട ഷാൻ. അടുത്തിടെ ജോമോൻ കോട്ടയത്ത് എത്തിയപ്പോൾ സൂര്യനുമായി ചില പ്രശ്നങ്ങളുണ്ടായി. ഇതിന്റെ പ്രതികാരമായാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന.
ALSO READ ടെക്‌സാസ് ജൂതപള്ളിയിലെ ഭീകരാക്രമണം; രണ്ട് പേർ അറസ്റ്റിൽ