കോട്ടയം : മകളെ യാത്രയാക്കാനെത്തിയ അച്ഛന്‍ ട്രെയിനിൽ നിന്നും കാൽ വഴുതി വീണ് മരിച്ചു. 62 കാരനായ, ചങ്ങനാശേരി പാലാത്രച്ചിറ സ്വദേശി അലക്‌സ് സെബാസ്റ്റ്യനാണ് (ജോമിച്ചൻ) ജീവഹാനിയുണ്ടായത്. മുന്‍ സൈനികനാണ് ഇദ്ദേഹം.
ചൊവ്വാഴ്ച്ച വൈകിട്ട് 4.30ന് ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. പിതാവ് അപകടത്തിൽപ്പെടുന്നതുകണ്ട് ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമിച്ച മകൾ അൻസയ്‌ക്ക് (21) ഗുരുതര പരിക്കേറ്റു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ : എറണാകുളം രാജഗിരി കോളജിൽ എൻജിനീയറിങ് വിദ്യാർഥിനിയാണ് അൻസ.
മകളെ യാത്രയാക്കാന്‍ ഐലന്‍ഡ് എക്‌സ്പ്രസിൽ അലക്‌സ് കയറുകയും ലഗേജുകൾ വയ്‌ക്കുകയും ചെയ്‌തു. തിരിച്ചിറങ്ങാൻ ശ്രമിക്കവെ ട്രെയിൻ നീങ്ങുകയും 62 കാരന്‍ കാൽവഴുതി വീഴുകയുമായിരുന്നു. അലക്‌സ് അപകടത്തിൽപ്പെട്ടത് കണ്ട അൻസ ട്രെയിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കവെ പ്ലാറ്റ്‌ഫോമിലേക്ക് വീണു.
ALSO READ: മോഡലുകളുടെ അപകടമരണം: അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു
അലക്‌സ് സെബാസ്റ്റ്യന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. അൻസയെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ അടിയന്തര ചികിത്സയ്ക്ക് വിധേയമാക്കി. തുടര്‍ന്ന്, ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. റെയിൽവേ പൊലീസാണ് അന്‍സയെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ഉദ്യോഗസ്ഥര്‍ അലക്‌സിന്‍റെ മൃതദേഹവും ഇവിടെയെത്തിച്ചു. ഭാര്യ : മറിയാമ്മ. മകൻ: അമൽ (ദുബായ്).