കോട്ടയം: പരസ്യ പ്രചാരണം അവസാനത്തോടടുക്കുമ്പോൾ വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർഥികൾ. ദുഖവെള്ളിയിലും പെസഹാദിനത്തിലും നിശബ്ദ പ്രചാരണത്തിലായിരുന്നു സ്ഥാനാർഥികൾ. കോട്ടയത്ത് പ്രചാരണം സജീവമാക്കി എൽഡിഎഫ് സ്ഥാനാർഥി അഡ്വ. അനിൽ കുമാറും വോട്ടർമാരുടെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങി ഏറെ മുന്നിലെത്തിക്കഴിഞ്ഞു. പരിസ്ഥിതി പ്രവർത്തകൻ, പ്രാസംഗികൻ, ചരിത്രകാരൻ, പൊതുസമ്മതൻ തുടങ്ങിയ ഘടകങ്ങളാണ് അനിൽ കുമാറിന് ജനമനസിൽ ഇടം നൽകുന്നത്.
പുതിയ കാർഷിക വിപ്ലവത്തിന് തുടക്കം കുറിക്കാൻ നേതൃത്വം നൽകിയതിന്‍റെ ആത്മവിശ്വാസത്തിലാണ് അഡ്വ. അനിൽകുമാർ വോട്ട് തേടുന്നത്. നദീസംയോജന പദ്ധതിയിലൂടെ ജില്ലയിലെ ഏക്കറു കണക്കിന് പാടശേഖരങ്ങളിൽ നെൽകൃഷി പുനരാരംഭിക്കാൻ അനിൽ കുമാറിന് കഴിഞ്ഞു. ജനകീയ ശക്തിയുടെ പിൻബലത്തിൽ ആറുകളും തോടുകളും ശുചീകരിച്ച് പാടശേഖരങ്ങളിൽ നെൽകൃഷി പുനരാരംഭിക്കാൻ കഴിഞ്ഞുവെന്നതും അദ്ദേഹത്തിന് നേട്ടമായി.
കോട്ടയം മണ്ഡലത്തിലെ മാങ്ങാനം ഭാഗത്തായിരുന്നു ശനിയാഴ്ച്ചത്തെ പര്യടനം. ഗ്രാമീണ ജനതയുടെ സ്നേഹം ഏറ്റുവാങ്ങി വീടുകൾ തോറും കയറിയിറങ്ങി വോട്ടുറപ്പിച്ചുവെന്നും പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഇവിടെ വിജയിക്കുമെന്നും അനിൽ കുമാർ പറഞ്ഞു. കോട്ടയം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ചരിത്ര വിജയം ഉണ്ടാകുമെന്നും കോട്ടയത്തിനായി പ്രത്യേക പാക്കേജ് നേടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിറ്റിങ് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് മണ്ഡലത്തിൽ അനിൽ കുമാറിന്‍റെ എതിർ സ്ഥാനാർഥി.