കോട്ടയം: ലീഗൽ സർവീസ് അതോറിറ്റിയുടെ സേവനങ്ങൾ ജനങ്ങളിലെത്തുക്കുന്നതിനുള്ള കാമ്പയിനുകള്‍ നവംബർ 13 വരെ ജില്ലയിൽ സംഘടിപ്പിക്കുമെന്ന് ജില്ല ലീഗൽ സർവീസ് അതോറിറ്റി ചെയർമാനും പ്രിൻസിപ്പൽ ജില്ല സെഷൻസ് ജഡ്‌ജിയുമായ എൻ. ഹരികുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിയമസേവനങ്ങളെപ്പറ്റി അവബോധം സൃഷ്‌ടിക്കുന്നതിനായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും പരിപാടികൾ സംഘടിപ്പിക്കും. ജയിലുകൾ സന്ദർശിച്ച് നിയമസഹായത്തെക്കുറിച്ച് അവബോധം നൽകും.
ദേശീയ ലീഗൽ സർവീസ് അതോറിറ്റി എക്‌സിക്യൂട്ടീവ് ചെയർമാനായ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ നിർദേശത്തെത്തുടർന്ന് ദേശീയ തലത്തിൽ നടത്തുന്ന പരിപാടികളുടെ ഭാഗമാണ് കാമ്പയിൻ. ക്ഷേമനിയമങ്ങൾ, സൗജന്യ നിയമസഹായം, ജയിലുകളിലും ശിശു സംരക്ഷണ സ്ഥാപനങ്ങളിലും കഴിയുന്നവർക്ക് അടിസ്ഥാന നിയമസഹായം നൽകൽ, തടവുകാരുടെ മോചനം, പരോൾ, ജയിൽ നിയമസഹായ ക്ലിനിക്കുകളുടെ പ്രവർത്തനം എന്നിവ സംബന്ധിച്ച് ലീഗൽ സർവീസ് അതോറിറ്റി ക്ലാസുകൾ നടത്തും.
ജില്ല ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നവംബർ 12ന് കോട്ടയം ജില്ലയിൽ ദേശീയ ലോക് അദാലത്തും നടത്തും. കോടതിയിൽ നിലവിലുള്ളതും അല്ലാത്തതുമായ എല്ലാ തർക്കങ്ങളും അദാലത്തിൽ പരിഗണിക്കും. കോടതിയിലുള്ള കേസുകൾ അദാലത്തിലേക്ക് അയയ്‌ക്കാൻ അതത് കോടതികളിൽ അഭിഭാഷകർ മുഖേന അപേക്ഷിക്കാം.
മറ്റു പരാതികൾ നവംബർ മൂന്നിന് മുൻപായി അതത് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളിൽ എത്തിക്കണം. വാർത്താസമ്മേളനത്തിൽ ലീഗൽ സർവീസ് സെക്രട്ടറിയും സബ് ജഡ്‌ജിയുമായ എസ്. സുധീഷ്‌കുമാർ, ഫസറ്റ് അഡീഷണൽ ജില്ല ജഡ്‌ജി കെ.എൻ. സുജിത്ത് എന്നിവരും പങ്കെടുത്തു. വിവരങ്ങൾക്ക്- ഫോൺ: കോട്ടയം: 04812578827,04812572422, കാഞ്ഞിരപ്പള്ളി: 9947132692 ചങ്ങനാശേരി: 0481 2421272, മീനച്ചിൽ: 04822216050, വൈക്കം: 04829223900.