കോട്ടയം: ശക്തമായ മഴപെയ്യുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ ദുരന്ത നിവാരണ മുന്നൊരുക്കങ്ങള്‍ സജ്ജീകരിച്ചതായി കലക്ടര്‍ എം അഞ്ജന. ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നവരെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മാറ്റിപ്പാര്‍പ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ ജില്ലയില്‍ ചെയ്തിട്ടുണ്ട്. നാല് കാറ്റഗറിയായി തിരിച്ചാണ് ക്യാമ്പുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. 60 വയസിന് മുകളിലുള്ളവര്‍, മറ്റ് രോഗങ്ങള്‍ ഉള്ളവര്‍, ക്വാറന്‍റൈനിൽ ഇരിക്കുന്നവര്‍ എന്നിവര്‍ക്കും പ്രത്യേക ക്യാമ്പുകളാണ് ഒരുക്കിയിരിക്കുന്നത്.
ALSO READ:സംസ്ഥാനത്ത് ഇന്ന് 32680 പേര്‍ക്ക് കൂടി കൊവിഡ്; 96 മരണം
ജില്ലയില്‍ അഞ്ച് താലൂക്കിലായി പത്തൊമ്പതിനായിരം പേരെ താമസിപ്പിക്കാനുള്ള ക്യാമ്പുകളാണ് ഒരുക്കിയിരിക്കുന്നത്. ജലനിരപ്പ് ഇറിഗേഷന്‍വകുപ്പ് നിരീക്ഷിച്ചുവരികയാണ്. കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ മീനച്ചിലാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യം ഉണ്ടായിട്ടില്ല. കൊവിഡ് സാഹചര്യത്തില്‍ വൈദ്യുതി മുടക്കം കൂടാതെ വിതരണം ചെയ്യണമെന്ന് കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു. രണ്ടുദിവസമായി പെയ്തമഴയില്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരുന്നുണ്ട്.
ചിലയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണ് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. രണ്ട് ക്യാമ്പുകൾ ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു . ചിങ്ങവനം ഗവൺമെന്‍റ് യുപിഎസിൽ അഞ്ച് കുടുംബങ്ങളും പെരുമ്പായിക്കാട് എസ്‌എൻഎൽപിഎസിൽഒരു കുടുംബത്തെയുമാണ് മാറ്റി പാർപ്പിച്ചത്.