കോട്ടയം : ഓടുന്ന ട്രെയിനിന് മുകളില്‍ വൈദ്യുതി ലൈൻ പൊട്ടിവീണു. ഏറ്റുമാനൂരിന് സമീപം കോതനല്ലൂരിൽ കേരള എക്‌സ്‌പ്രസ് കടന്നുപോകുന്നതിനിടെയാണ് സംഭവം. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം.
വൈദ്യുതി പ്രവഹിക്കാതിരുന്നതുകൊണ്ട് തീ പിടിത്തമൊഴിവായി. ട്രെയിനിന്‍റെ എഞ്ചിന്‍ ഭാഗത്ത് കുടുങ്ങിയ വൈദ്യുതി ലൈൻ പൊട്ടി വീഴുകയായിരുന്നു. തുടർന്ന്, ഇതുമായി ട്രെയിൻ മീറ്ററുകളോളം മുന്നോട്ട് നീങ്ങി. ഇതേതുടർന്ന് ട്രെയിനിന്‍റെ എഞ്ചിന് കേടുപാടുകൾ സംഭവിച്ചു. കോട്ടയത്തുനിന്നും എറണാകുളം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ന്യൂഡൽഹി – തിരുവനന്തപുരം കേരള എക്‌സ്‌പ്രസിന് മുകളിലാണ് ലൈൻ വീണത്.
ഇതോടെ കോട്ടയം – എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം താറുമാറായി. തൃശൂരിൽ ട്രെയിൻ പാളം തെറ്റി സഞ്ചരിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഗതാഗതം സ്‌തംഭിച്ചിരുന്നു. ഇതിനിടെയാണ് ഈ സംഭവം. കോട്ടയം റെയിൽവേ സ്‌റ്റേഷൻ മാനേജരുടെ നേതൃത്വത്തിലുള്ള സംഘം ഗതാഗതം പുനഃരാരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ട്രെയിനിൽ ഡീസൽ എഞ്ചിന്‍ ഘടിപ്പിച്ച് യാത്ര തുടരാനാണ് തീരുമാനം.