കോട്ടയം: റെയിൽവേ വികസനത്തിന്‍റെ ഭാഗമായി ഇരട്ടപ്പാത വന്നതോടെ കോട്ടയം ഗാന്ധിനഗർ അടച്ചിറ റെയിൽവേ ക്രോസിന് സമീപത്തെ അറുപതിലധികം കുടുംബങ്ങളാണ് വീട്ടിൽ നിന്നും പുറത്തിറങ്ങാനാകാതെ ദുരിതമനുഭവിക്കുന്നത്. വീടിന് പുറത്തേക്ക് പോകണമെങ്കിൽ ഇവർക്ക് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കണം. പ്രായമായവരും കുട്ടികളും രോഗികളും താമസിക്കുന്ന പ്രദേശത്ത് സുരക്ഷിതമായി സഞ്ചരിക്കാൻ വഴിയൊരുക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു.
നടന്ന് തീരാത്ത ദുരിതം: രോഗികളായവരെ കസേരയിൽ ഇരുത്തി ചുമന്നാണ് ഇവിടുള്ളവർ റോഡിലെത്തിക്കുന്നത്. ആശുപത്രിയും മറ്റ് സൗകര്യങ്ങളും അടുത്തുണ്ടെങ്കിലും ട്രാക്കിലൂടെ നടന്ന് വേണം റോഡിലെത്താൻ. കടയിൽ പോയി സാധനം വാങ്ങി മടങ്ങവേ റെയിൽവേ ട്രാക്കിലൂടെ നടക്കുമ്പോൾ യുവതി ഭർത്താവിന്‍റെ മുന്നിൽ വച്ച് ട്രെയിൻ തട്ടി മരിച്ചിരുന്നു. ചുള്ളിക്കൽ സ്വദേശി ഓട്ടോ ഡ്രൈവറായ സജി ജോർജിന്‍റെ ഭാര്യ ജൈനയാണ് മരിച്ചത്.
പ്രധാന റോഡിൽ നിന്നും റെയിൽപാളത്തിൽ കയറി ട്രാക്കിലൂടെ 200 മീറ്ററോളം നടന്നു വേണം മറുവശത്തെ ജൈനയുടെ വീട്ടിലെത്താൻ. ഇങ്ങനെ ട്രാക്കിലൂടെ നടക്കുമ്പോൾ പിന്നിൽ നിന്ന് വന്ന എൻജിൻ ഇടിക്കുകയായിരുന്നു. സാധനങ്ങളുമായി പാളത്തിലൂടെ നടന്നുവരവേ ട്രെയിൻ വരുന്നതുകണ്ട് അടുത്ത പാളത്തിലേക്കു മാറിയെങ്കിലും അപ്രതീക്ഷിതമായാണ് ഈ പാളത്തിലൂടെ എൻജിൻ ബോഗി എത്തിയത്. ഇതിനിടയിൽ പെട്ട ജൈന ട്രെയിനിന്‍റെ വശങ്ങളിൽ തട്ടി പാളത്തിനടിയിലേക്കു വീണാണ് അപകടമുണ്ടായത്.
സ്ഥലം വേണമെന്ന് നഗരസഭ, തരില്ലെന്ന് റെയില്‍വേ: റെയിൽവേയുടെ കൈവശമുള്ള സ്ഥലത്തിലൂടെ നടപ്പാത അനുവദിച്ചാൽ സ്ഥലത്തിനു വാടക നൽകാൻ തയാറാണെന്നു കോട്ടയം നഗരസഭ റെയിൽവേ അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ സ്ഥലം വിട്ടുനൽകാൻ റെയിൽവേ തയാറല്ല.
നാട്ടുകാരുടെ ആവശ്യം പരിഗണിക്കാതെ വന്നതിന്‍റെ ഫലമാണ് ഈ ദുരന്തമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ പറഞ്ഞു. സ്ഥലം വിട്ടുനൽകാൻ റെയിൽവേക്ക് കത്ത് നൽകിയിരുന്നു. റോഡ് വേണമെന്ന് പിഡബ്ല്യുഡിയോടും ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.