കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസില്‍ നിന്ന് രണ്ട് സ്ഥാനാര്‍ഥികള്‍ എത്തിയതോടെ തെരഞ്ഞെടുപ്പിൽ നിന്ന് കോൺഗ്രസ് അംഗങ്ങള്‍ വിട്ടുനിന്നു. പി ജെ ജോസഫ് പക്ഷത്ത് നിന്ന് അജിത്ത് മുതിരമലയും ജോസ് കെ മാണി പക്ഷത്ത് നിന്ന് സെബാസ്റ്റ്യന്‍ കുളത്തിങ്കലും ആണ് സ്ഥാനാര്‍ഥികള്‍ ആയി എത്തിയത്. ഇതോടെ കോണ്‍ഗ്രസ് നേതാക്കള്‍ യുഡിഎഫ് നേതൃത്വവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചു. നേതാക്കൾ കൂടിയാലോചിച്ച് തെരഞ്ഞെടുപ്പിന് അന്തിമമായ ഒരു തീരുമാനം ഉണ്ടാക്കണമെന്ന് കോട്ടയം ഡിസിസി പ്രസിഡന്‍റ് ജോഷി ഫിലിപ് ആവശ്യപ്പെട്ടു.
നേതാക്കൾ വിട്ടുനിന്ന സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് മാറ്റി വച്ചതായി ജില്ലാ വരണാധികാരി പ്രഖ്യാപിച്ചു. എന്നാൽ അടുത്ത ദിവസം തന്നെ തെരഞ്ഞെടുപ്പ് നടക്കുമെന്നും കോറം തികയൽ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. അതേസമയം യുഡിഎഫ് തീരുമാനം അംഗീകരിച്ച് മുന്നോട്ട് പോകുമെന്നും പ്രഖ്യാപിച്ച സ്ഥാനാർഥികളെ പിൻവലിക്കാൻ തയ്യാറല്ലെന്നും ജോസഫ് വിഭാഗം വ്യക്തമാക്കി. എന്നാൽ യുഡിഎഫ് ഒറ്റക്കെട്ടായി നാളത്തെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും യുഡിഎഫ് കെട്ടുറപ്പ് തകർക്കാൻ ചില കേന്ദ്രങ്ങൾ നടത്തുന്ന ശ്രമം വിലപ്പോകില്ലെന്നുമായിരുന്നു ജോസ് കെ മാണിയുടെ വാദം. കേരള കോണ്‍ഗ്രസില്‍ പോര് രൂക്ഷമായ സാഹചര്യത്തിൽ ഇരുവിഭാഗങ്ങളുമായും ജില്ലാ പഞ്ചായത്ത് അംഗങ്ങളുമായും ചർച്ച നടത്തി പ്രശ്നം പരിഹരിക്കാനാണ് യുഡിഎഫ് ശ്രമം.