കോട്ടയം: പാലാ കൊട്ടാരമറ്റം സ്വകാര്യ ബസ് സ്‌റ്റാന്‍ഡിലെ ടാറിങ് തകര്‍ന്നതോടെ ദുരിതത്തിലായി യാത്രക്കാരും തൊഴിലാളികളും. മാസങ്ങളായി തകര്‍ന്നുകിടക്കുന്ന സ്റ്റാന്‍ഡില്‍ പൊടിശല്യം രൂക്ഷമായി. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലാകെ പൊടിനിറയുകയാണ്. ലോട്ടറി വ്യാപാരികളടക്കം പലരും മാസ്‌ക് ധരിച്ചാണ് സ്റ്റാന്‍ഡില്‍ നില്‍ക്കുന്നത്.
കുഴികളില്‍ ചാടി വാഹനങ്ങൾ തകരാറിലാകുന്നത് പതിവായതോടെ സ്റ്റാന്‍ഡ് ബഹിഷ്‌കരണത്തിന് ഒരുങ്ങുകയാണ് ഡ്രൈവര്‍മാര്‍. മൂന്ന് ദിവസം സ്റ്റാന്‍ഡ് അടച്ചിട്ടാണ് നേരത്തെ ടാറിംഗ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ ആറ് മാസത്തിനുള്ളില്‍ ടാറിംഗ് തകര്‍ന്നു. ബസുകള്‍ക്കുണ്ടാകുന്ന തകരാര്‍ മൂലം വലിയ സാമ്പത്തിക ചെലവാണ് ബസ്സുടമകള്‍ക്കുണ്ടാകുന്നത്.
ടാറിങ്ങില്‍ അഴിമതി നടന്നെന്നാണ് ആരോപണം. നിര്‍മാണത്തിലെ അപാകതമൂലമാണ് മാസങ്ങള്‍ക്കുള്ളില്‍ ടാറിങ് തകർന്നത്. ടാര്‍ ചെയ്യുന്നതിന് പകരം ടൈല്‍ വിരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതര്‍ അംഗീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഉടന്‍ നടപടി ഉണ്ടായില്ലെങ്കില്‍ മുന്നറിയിപ്പില്ലാതെ തന്നെ മുഴുവന്‍ സ്വകാര്യബസുകളും സ്റ്റാന്‍ഡ് ബഹിഷ്‌കരിക്കുമെന്ന് മോട്ടോര്‍ ആന്‍ഡ് മെക്കാനിക്കല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു പാലാ ഏരിയ കമ്മറ്റി പ്രസിഡന്റ് യേശുദാസ് മുന്നറിയിപ്പ് നല്‍കി.