കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കലുഷിതമാവുകയാണ് കേരളാ കോൺഗ്രസ് എം. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ താൽക്കാലിക ചെയർമാനെന്ന നിലയിൽ പി.ജെ ജോസഫ് വിപ്പ് നൽകി. ജില്ലാ പ്രസിഡന്‍റിന് വിപ്പ് നൽകാം എന്ന കെ.എം മാണിയുടെ നിർദേശം ജോസ് കെ മാണി വിഭാഗം ചൂണ്ടിക്കാട്ടി ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടവും വിപ്പ് നൽകിയതോടെ പരസ്പര ആരോപണങ്ങളുമായി നേതാക്കൾ രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മിഷനെ ജോസഫ് വിഭാഗം തെറ്റിദ്ധരിപ്പിച്ചെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ പ്രധാന ആരോപണം.
കേരളാ കോൺഗ്രസ് പാർട്ടിയുടെ ഭരണഘടന മനസിലാകാത്തവരുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ മാത്രമാണ് ഉണ്ടായിരിക്കുന്നതെന്ന് നേതാക്കളുടെ പ്രസ്താവനക്കെതിരെ മോൻസ് ജോസഫ് തിരിച്ചടിച്ചു. ഇലക്ഷൻ കമ്മിഷനയച്ച കത്തിന് ലഭിച്ച മറുപടിയാണ് ജോസഫ് വിഭാഗം ആയുധമാക്കുന്നത്.
വിപ്പ് നൽകാൻ കെ.എം മാണി ജില്ലാ പ്രസിഡന്‍റുമാർക്ക് നൽകിയ പ്രത്യേക അധികാരമാണ് ചെയർമാന്റെ ചുമതലയുള്ള പി.ജെ ജോസഫ് പിൻവലിച്ചത്. വിമത വിഭാഗത്തിന്റെ തെറ്റായ നടപടികളെ തുടർന്നാണ് അധികാരം തിരിച്ചെടുത്തതെന്നും മോൻസ് ജോസഫ് വ്യക്തമാക്കി.