കോട്ടയം: കെ.എം മാണിയുടെ പൂര്‍ണ്ണകായ പ്രതിമ വികാരസാന്ദ്രമായ ചടങ്ങില്‍ പാലായുടെ നഗരമധ്യത്തില്‍ അനാഛാദനം ചെയ്തു. അരനൂറ്റാണ്ടിലധികം പാലായെ നിയമസഭയില്‍ പ്രതിനിധീകരിച്ച് ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ അത്യപൂര്‍വ്വ വിസ്‌മയമായി മാറിയ മാണിയുടെ പ്രതിമ നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ് അനാഛാദനം ചെയ്‌തത്. കേരള രാഷ്ട്രീയത്തിൽ സ്വന്തം ഇരിപ്പിടം സൃഷ്ടിച്ച നേതാവാണ് കെ.എം മാണിയെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു.
മൗലികമായ ദർശനം കൊണ്ട് കേരള രാഷ്ട്രീയത്തിൽ സ്വന്തം ഇരിപ്പിടം സൃഷ്ടിച്ച നേതാവാണ് അദ്ദേഹം. ഒരു പുതിയ പ്രത്യയശാസ്ത്രത്തിന് രൂപം നൽകിയ കെ.എം മാണിയുടെ ദർശനം, വിനയം, കേൾക്കാനുള്ള മനസ് , മടുപ്പില്ലായ്മ എന്നീ ഗുണങ്ങളെല്ലാം അദ്ദേഹത്തെ ഒരു പാഠശാലയാക്കിയെന്നും അദ്ദേഹം പറഞ്ഞു.
കെ.എം മാണിയുടെ ജീവസുറ്റ ആ രൂപത്തിലേക്ക്, ചിരി തൂകുന്ന ആ മുഖത്തേക്ക് നോക്കി നിന്നപ്പോൾ സഹധർമിണി കുട്ടിയമ്മയുടെ കണ്ണുകൾ നിറഞ്ഞു. കെ .എം മാണിയുടെ പ്രതിമ അനാച്ഛാദന ചടങ്ങ് കുടുംബങ്ങൾക്കും വികാരസാന്ദ്രമായ നിമിഷങ്ങൾ ആയി. ശാരീരികമായ ബുദ്ധിമുട്ടുകളെ അവഗണിച്ചും മാണി സാറിൻ്റെ പ്രതിമ കാണാൻ പ്രിയപ്പെട്ട കുട്ടിയമ്മ എത്തിയത് കേരള കോൺഗ്രസ് പ്രവർത്തകർക്ക് ആവേശമായി.
കെ.എം മാണിയുടെ പ്രത്യേകതയായി ഏറെ വിശേഷിപ്പിക്കപ്പെട്ട തൂവെള്ള നിറമുള്ള ജുബ്ബ ധരിച്ച മട്ടിലാണ് പ്രതിമ നിര്‍മ്മിച്ചത്. മാണിയുടെ പ്രത്യേകതയായിരുന്ന സ്‌നേഹപ്രകടനവും ജീവസുറ്റ ചിരിയും പ്രതിമയുടെ മുഖത്തും തെളിഞ്ഞ് കാണാം. ഏട്ടര അടി ഉയരമുള്ള പ്രതിമ സിമന്‍റിലും മാര്‍ബിള്‍ പൊടിയിലുമാണ് നിര്‍മിച്ചിരിക്കുന്നത്. കേരളാ യൂത്ത് ഫ്രണ്ട് (എം) ആണ് പ്രതിമ നിര്‍മാണത്തിന് മുന്‍കൈയ്യെടുത്തത്. ഇടുക്കി സ്വദേശികളായ ഷിജോ ജോണ്‍, ലൈജു ജെയിംസ്, അരുണ്‍ ഇ.സി എന്നീ ശില്‍പികളാണ് പ്രതിമനിര്‍മാണം പൂര്‍ത്തീകരിച്ചത്.
പാലാ രൂപത സഹായസെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി, , യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് സാജന്‍ തൊടുക, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, പ്രൊഫ.എന്‍ ജയരാജ് എം.എല്‍.എ, സിപിഎം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ, ജോസ് ടോം, കാലിക്കറ്റ്, കൊച്ചി യൂണിവേഴ്‌സിറ്റി മുന്‍ പ്രൊ. വൈസ് ചാന്‍സിലര്‍ പ്രൊഫ. വി.ജെ പാപ്പു, പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്‍റോ ജോസ് പടിഞ്ഞാറേക്കര, എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്‍റ് സി.പി ചന്ദ്രന്‍ നായര്‍, എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്‍റ് പി.ജി അനില്‍കുമാര്‍, ബിജു കുന്നേപ്പറമ്പില്‍, വിജയ് മാരേട്ട്, ജോസഫ് സൈമൺ, സിറിയക് ചാഴികാടൻ, സന്തോഷ് കമ്പകത്തുങ്കൾ എന്നിവർ പ്രസംഗിച്ചു.