കോട്ടയം: കെവിൻ വധക്കേസിൽ പ്രധാന സാക്ഷി അനീഷിന്റെ വിസ്താരം നാളെയും തുടരും. കെവിനെ തട്ടിക്കൊണ്ടുപോയ വാഹനം ഉൾപ്പെടെ ഉള്ളവയുടെ തിരിച്ചറിയൽ നടപടികളും നാളെ നടക്കും. കെവിന്‍റെ പിതാവ് ജോസഫിനോടും പ്രതികൾ താമസിച്ച ലോഡ്ജ് ഉടമയോടും നാളെ ഹാജരാകാനും കോടതി നിർദ്ദേശിച്ചു.
കെവിൻ വധക്കേസിൽ രണ്ടാം ദിവസത്തെ വാദം പൂർത്തിയായി. കെവിനെ തട്ടിക്കൊണ്ടു പോകുന്ന തലേദിവസം പ്രതികൾ ഗാന്ധിനഗറിൽ താമസിച്ച ലോഡ്ജ് ഉടമയോടും കെവിന്റെ പിതാവ് ജോസഫിനോടും ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അനീഷിന്റെ വിസ്താരം പൂർത്തിയായ ശേഷമാകും മറ്റു സാക്ഷികളുടെ വിസ്താരം ആരംഭിക്കുക. കേസിൽ 14 പ്രതികളുടെ അഭിഭാഷകരും അനീഷിനെ വിസ്തരിച്ചു. അനീഷ് നൽകിയ മൊഴിയുടെ വൈരുധ്യങ്ങൾക്ക് പുറമേ അനീഷിന് കാഴ്ച ശക്തിയിൽ പ്രതിഭാഗം സംശയം പ്രകടിപ്പിച്ചു. ആദ്യദിനത്തിലെ പ്രോസിക്യൂഷൻ വിസ്താരത്തിനിടയിൽ മുഖ്യപ്രതി ഷാനു ചാക്കോ ഉൾപ്പെടെ ഏഴു പ്രതികളെ അനീഷ് തിരിച്ചറിഞ്ഞിരുന്നു. എന്നാൽ പിതാവ് ഉൾപ്പെടെ മൂന്ന് പ്രതികളെ അനീഷിന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. അനീഷിന്‍റെ കാഴ്ച കുറവ് മൂലമാണ് പ്രതികളെ തിരിച്ചറിയാൻ കഴിയാതെ പോയതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതികളെല്ലാം ഒരു പോലെ വെള്ള വസ്ത്രം ധരിച്ചാണ് വിചാരണക്ക് എത്തിയത്. പ്രതികൾ രൂപമാറ്റം വരുത്തിയതിനാൽ തിരിച്ചറിയാൻ കഴിയുന്നില്ലെന്നായിരുന്നു അനീഷ് കോടതിയിൽ നൽകിയ മൊഴി.