കോട്ടയം: കർഷകരുടെ ഉന്നമനത്തിനും റബ്ബർ കൃഷിയുടെ ഉണർവിനും വേണ്ടി സംസ്ഥാന സർക്കാർ സ്ഥാപിച്ച കേരള റബ്ബർ ലിമിറ്റഡ് കമ്പനിയുടെ ശിലാസ്ഥാപനം നടത്തി. ശിലാസ്ഥാപനത്തിന്‍റെ ഉദ്ഘാടനം മന്ത്രി പി രാജീവ് നിര്‍വഹിച്ചു. സ്വന്തം നിലയിലും ജനങ്ങളുടെ പിന്തുണയിലും വളർന്നുയരുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങളെ പ്രാപ്തമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പണം നൽകി സംരക്ഷിക്കുന്ന രീതിയല്ല സർക്കാർ ഉദേശിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയെന്ന പങ്കാണ് സർക്കാർ നിർവഹിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കമ്പനി നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രവർത്തന രീതികൾ കർശനമായി പാലിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പു വരുത്തും. എല്ലാ മാസവും പ്രവർത്തന റിപ്പോട്ടും വരവ്-ചെലവ് കണക്കും വിലയിരുത്തും.
വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്റ്റ്സ് ലിമിറ്റഡിനോട് ചേർന്ന് സജ്ജമാക്കുന്ന കേരള റബ്ബർ കമ്പനിയുടെ പ്രവർത്തനത്തിലൂടെ റബ്ബർ മേഖലയിൽ നിന്നു കൂടുതൽ വരുമാനം ലഭിക്കുന്ന സാഹചര്യം സംജാതമാകുമെന്ന് മന്ത്രി പറഞ്ഞു.
റബ്ബർ മേഖലയിലെ കർഷകർ, സംരംഭകർ, സംഘടനാ പ്രതിനിധികൾ തുടങ്ങിയവരുടെ പിന്തുണയോടെയാണ് കമ്പനിയുടെ പ്രവർത്തനവുമായി സർക്കാർ മുന്നോട്ടു നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി., അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. എന്നിവർ മുഖ്യപ്രഭാഷണം നടത്തി.