കോട്ടയം: എച്ച്എൻഎൽ കരാർ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്. സംസ്ഥാന സർക്കാർ ഏറ്റെടുത്തതിനെ തുടർന്ന് ആരംഭിച്ച കേരള പേപ്പർ പ്രോഡക്‌ട്‌സ് ലിമിറ്റഡിൽ (കെപിപിഎൽ) ജോലി നൽകുന്നില്ലെന്ന് ആരോപിച്ചാണ് കരാർ തൊഴിലാളികൾ സമരത്തിനൊരുങ്ങുന്നത്. കേന്ദ്ര സർക്കാർ വിൽപനയ്ക്ക് വച്ച എച്ച്എൻഎൽ 146 കോടി രൂപ നൽകിയാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്.
കെപിപിഎൽ എന്ന പേരിൽ ആരംഭിച്ച ന്യൂസ് പ്രിന്‍റ് ഉത്പാദന കമ്പനി മെയ് 19ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചിരുന്നു. അതേസമയം എച്ച്എൻഎല്ലിൽ മൂന്നര പതിറ്റാണ്ടോളം ജോലി ചെയ്‌ത 200ൽപരം വരുന്ന കരാർ തൊഴിലാളികൾക്ക് പുതിയ കമ്പനിയിൽ ജോലി നൽകിയില്ലെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. എച്ച്എൻഎൽ അടച്ചുപൂട്ടിയപ്പോൾ തങ്ങൾക്ക് കിട്ടേണ്ടിയിരുന്ന പ്രോവിഡന്‍റ് ഫണ്ട്, ഗ്രാറ്റുവിറ്റി അടക്കമുള്ള ആനുകൂല്യങ്ങൾ കിട്ടിയിട്ടില്ലെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നിസ്സംഗത പുലർത്തുന്നുവെന്നും ഇവർ പറയുന്നു.
കെപിപിഎല്ലിൽ പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കാതിരിക്കുന്ന സാഹചര്യത്തിൽ തൊഴിലാളികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. 622.5 കോടിയോളം മതിപ്പ് വിലയുള്ള ആസ്ഥിയാണ് കേവലം 146 കോടി രൂപയ്ക്ക് സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടുള്ളതെന്നും തൊഴിലാളികൾ പറയുന്നു. കരാർ തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നത് തൊഴിലാളി വിരുദ്ധ നിലപാടാണെന്നും തൊഴിലാളി നേതാക്കൾ അഭിപ്രായപ്പെട്ടു.
സർക്കാർ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ആരംഭിക്കുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായി ബുധനാഴ്‌ച (മെയ് 25) കോട്ടയം കലക്‌ടറേറ്റിന് മുന്നിൽ ധർണ നടത്തുമെന്നും നേതാക്കൾ വ്യക്തമാക്കി.