കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയെ ചൊല്ലി ഒരിടവേളക്ക് ശേഷം പി.ജെ ജോസഫ് - ജോസ് കെ മാണി വിഭാഗങ്ങള്‍ തമ്മിലെ തര്‍ക്കം രൂക്ഷമാവുന്നു.
കേരള കോണ്‍ഗ്രസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയെ സംബന്ധിച്ച് തര്‍ക്കമുണ്ടായപ്പോള്‍ യു.ഡി.എഫ് നേതൃത്വം ഇടപെട്ട് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിലെ സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ സ്ഥാനം ഏല്‍പിച്ചിരുന്നു. നാല് മാസത്തിന് ശേഷം ജോസഫ് വിഭാഗത്തിലെ അജിത്ത് മുതിരമലക്ക് സ്ഥാനം നല്‍കണമെന്നായിരുന്നു ധാരണ. കരാര്‍ കാലാവധി അവസാനിച്ച് ഒന്നരമാസം പിന്നിട്ടിട്ടും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ സ്ഥാനം ഒഴിയുന്നില്ലെന്ന് ആരോപിച്ച് പി.ജെ ജോസഫ് രംഗത്ത് എത്തിയതോടെയാണ് തര്‍ക്കം രൂക്ഷമായത്. മുന്നണിയുടെ കാര്യക്ഷമതയില്ലായ്മയാണ് കരാർ ലംഘനത്തിന് കാരണമെന്ന് പി.ജെ ജോസഫ് ആരോപിച്ചു. യു.ഡി.എഫ് നേതൃത്വം വിഷയത്തില്‍ ഇടപെടണമെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ ആവശ്യം.
തര്‍ക്കം നിലനില്‍ക്കെ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗം ജോസഫ് വിഭാഗം ബഹിഷ്കരിച്ചു. കൊവിഡ് സുരക്ഷ മാനദണ്ഡമനുസരിച്ച് വീഡിയോ കോണ്‍ഫറന്‍സാണ് നടന്നത്.