കോട്ടയം: ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിനായി മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്ന് പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍. ഇടതുമുന്നണി സര്‍ക്കാര്‍ ഫലപ്രദവും സമയോചിതവുമായ ഇടപെടലിലൂടെ പ്രശ്‌നം കര്‍ഷകര്‍ക്ക് അനുകൂലമായ രീതിയില്‍ പരിഹരിക്കുന്ന ഘട്ടത്തിലാണ്. ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ് എം തുടക്കം മുതല്‍ എടുത്ത നിലപാട് കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കരുതല്‍ മേഖല വനത്തിനുള്ളില്‍ പരിമിതപ്പെടുത്തണമെന്ന് കേരള കോണ്‍ഗ്രസ് ഏറെ നാളായി ആവശ്യപ്പെടുകയാണ്. ബഫര്‍ സോണ്‍ വിഷയത്തിന്‍റെ ഗൗരവം കേന്ദ്ര - കേരള സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എംപിയാണ്. അദ്ദേഹത്തിന്‍റെ ഇടപെടലുകള്‍ പ്രതിപക്ഷ നേതാവ് തന്നെ നിയമസഭയില്‍ എടുത്തുപറയുകയുണ്ടായി. ഇടതുമുന്നണി ഒറ്റക്കെട്ടായാണ് തീരുമാനം എടുത്തത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രമേയം തന്നെ അവതരിപ്പിച്ചു. വിഷയത്തില്‍ സുപ്രീം കോടതി നിലപാട് കര്‍ഷക വികാരത്തിനൊപ്പം തന്നെയായിരിക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, ജില്ല പ്രസിഡന്‍റ് ലോപ്പസ് മാത്യു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.