കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലിയുള്ള കേരളാ കോൺഗ്രസ് ജോസഫ്, ജോസ് കെ മാണി തർക്കത്തിത്തിൽ യു.ഡി.എഫ് നിലപാടിനെ പാടെ തള്ളി ജോസ് കെ മാണി. ഒരിക്കലും ഉണ്ടായിട്ടില്ലത്ത ഒരു ധാരണയിന്മേലുള്ള ചർച്ചയാണ് നിലവിൽ നടക്കുന്നതെന്നാണ് ജോസ് പക്ഷത്തിന്‍റെ ആരോപണം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്ന അവസരത്തിൽ കോട്ടയം ഡി.സി.സി പ്രസിഡന്‍റ് പ്രഖ്യാപിച്ചപ്പോൾ മാത്രമാണ് ധാരണയെപ്പറ്റി തങ്ങൾ അറിയുന്നത്. യു.ഡി.എഫിൽ അത്തരത്തിലൊരു ധാരണയുണ്ടങ്കിൽ അത് പ്രഖ്യാപിക്കേണ്ടത് സംസ്ഥാന യു.സി.എഫ് നേതൃത്വമാണന്നിരിക്കെ, കോട്ടയം ഡി.സി.സി പ്രസിഡന്‍റിന്‍റെ ധാരണ പ്രഖ്യാപനം ഏകപക്ഷീയമാണന്നും ജോസ് പക്ഷം ആരോപിച്ചു.
കേരളാ കോൺഗ്രസ് തർക്കത്തിന് തിങ്കളാഴ്ച്ച പരിസാമാപ്തിയാകുമെന്ന രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ ജോസ് പക്ഷ നേതാക്കളുടെ നിലപാട് യു.ഡി.എഫിൽ വീണ്ടും അനിശ്ചിതത്വത്തിന് വഴിവെയ്ക്കുകയാണ്. അതേസമയം, യു.ഡി.എഫ് നിലപാടുകൾ പാടെ തള്ളി നിഷേധാത്മക നിലപാട് തുടരുന്ന ജോസ് പക്ഷത്തിനെതിരെ ജില്ലാ പഞ്ചായത്തിൽ അവിശ്വാസ പ്രമേയം കൊണ്ടു വരാനൊരുങ്ങുകയാണെന്ന് പി.ജെ ജോസഫ് പറയുന്നു. അവിശ്വാസത്തിൽ കോൺഗ്രസ് -മുസ്ലിം ലീഗ് പിന്തുണയുണ്ടെന്നും പി.ജെ ജോസഫ് വ്യക്തമാക്കുന്നു.
22 അംഗങ്ങളുള്ള ജില്ലാ പഞ്ചായത്തിൽ അവിശ്വാസ പ്രമേയം കൊണ്ടുവന്നാലും എൽ.ഡി.എഫ് പിന്തുണ കൂടി ലഭിച്ചാൽ ജോസ് കെ മാണി പക്ഷം പ്രസിഡന്‍റ് സ്ഥാനം നിലനിർത്താനാണ് സാധ്യത. മുന്നണിയിൽ വിള്ളലുണ്ടാക്കി ജില്ലയിലെ പ്രബല പക്ഷത്തെ പാർട്ടിക്ക് പുറത്തേക്ക് നയിക്കുന്ന അവിശ്വാസത്തിന് പിന്തുണ നൽകുന്നതിൽ യു.ഡി.എഫിൽ വ്യത്യസ്ത അഭിപ്രായമാണുള്ളത്. കേരളാ കോൺഗ്രസ് രാഷ്ട്രിയ കുതിരക്കച്ചവടത്തിൽ യു.ഡി.എഫിന്‍റെ നിലപാടുകള്‍ക്കാണ് രാഷ്ട്രീയ കേരളം കാതോര്‍ക്കുന്നത്.