കോട്ടയം: നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ പി ജെ ജോസഫിന് പാർലമെന്‍ററി പാർട്ടി ലീഡർ സ്ഥാനം നൽകണമെന്നാവശ്യപ്പെട്ട് മോൻസ് ജോസഫ് എംഎല്‍എ സ്പീക്കർക്ക് കത്തയച്ചു. കേരളാ കോൺഗ്രസ് ചെയർമാൻ സ്ഥാനത്തിനെ ചൊല്ലി പാർട്ടിയില്‍ തകർക്കം ഉടലെടുത്ത സാഹചര്യത്തിലാണ് ജോസഫ് വിഭാഗം നേതാവ് കൂടിയായ മോൻസ് ജോസഫിന്‍റെ കത്ത്. പാർലമെന്‍ററി പാർട്ടി സെക്രട്ടറി എന്ന നിലയിലാണ് മോൻസ് ജോസഫ് കത്ത് നൽകിയത്.
പാർട്ടിയിൽ എതിരെ നിൽക്കുന്നവരെ കൂടെ കൂട്ടി ജോസ് കെ മാണിയുടെ നീക്കങ്ങളെ പ്രതിരോധിക്കാനാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം. ഹൈപവർ കമ്മറ്റിയിലും പാർലമെന്‍ററി പാർട്ടി കമ്മറ്റിയിലും വ്യക്തമായ ഭൂരിപക്ഷം ഉണ്ടെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ വാദം. ജോസ് കെ മാണിയെ ചെയർമാൻ ആക്കണമെന്ന ആവശ്യമുന്നയിച്ചപ്പോൾ തന്നെ സി എഫ് തോമസ് അടക്കമുള്ള പാർട്ടിയിലെ മുതിർന്ന നേതാക്കൾ പി ജെ ജോസഫിന് പിൻതുണ പ്രഖ്യാപിച്ചിരുന്നു. പാർട്ടിയിൽ സി എഫ് തോമസിന്‍റെ പിന്തുണ കൂടി ലഭിക്കുന്നതോടെ ഹൈപവർ കമ്മറ്റിയിൽ ഭൂരിപക്ഷം നേടാനാകുമെന്ന കണക്ക് കൂട്ടലിലാണ് പി ജെ ജോസഫ്.
ലീഡർ മരിച്ചാൽ ഡെപ്യൂട്ടി ലീഡർക്കാണ് സ്ഥാനമെന്ന ബൈലോ ചൂണ്ടിക്കാട്ടി ജോസഫ് പാർലമെന്‍ററി പാർട്ടി നേതാവാകുമെന്ന് നിലപാട് നേരത്തെ എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മോൻസ് ജോസഫിന്റെ പുതിയ നീക്കം. ഇതിനിടെ പാർട്ടിയിലെ പിളർപ്പ് ഒഴിവാക്കാൻ ജോസഫ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടക്കുന്നതായും വിവരമുണ്ട്. ഇതോടെ പാർട്ടിയിലെയും സംസ്ഥാന കമ്മറ്റിയിലെയും ഭൂരിപക്ഷ പിന്തുണയിൽ ചെയർമാനാകാമെന്ന ജോസ് കെ മാണിയെ തന്ത്രപരമായ നീക്കങ്ങളിലൂടെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് പി ജെ ജോസഫ്.