കോട്ടയം: പൊലീസിനും കോടതിയ്ക്കുമെതിരായ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്, വനിത എ.എസ്.ഐ ഷെയര്‍ ചെയ്‌തെന്ന ആരോപണവുമായി ബി.ജെ.പി. ഈ വിഷയത്തില്‍ നടപടി വൈകിയെന്നും സമഗ്ര അന്വേഷണം വേണമെന്നും ബി.ജെ.പി നേതാവ് എന്‍ ഹരി ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലെ വനിത എ.എസ്.ഐ റംല ഇസ്‌മായിലിനെതിരെയാണ് ആരോപണം.
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റൗഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇവര്‍ ഷെയര്‍ ചെയ്‌തതെന്നും ജൂലൈ അഞ്ചിനാണ് സംഭവമെന്നും എന്‍ ഹരി മാധ്യമങ്ങളോട് പറഞ്ഞു. ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ എറണാകുളം സ്വദേശിയായ കുട്ടി നടത്തിയ വിദ്വേഷ മുദ്രാവാക്യത്തിലെ അറസ്റ്റിനെതിരായാണ് പോസ്റ്റ്. ഇവര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ പൊലീസിനും കോടതി നടപടികള്‍ക്കും എതിരെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഫേസ്ബുക്കില്‍ നടത്തിയ പ്രതികരണമാണ് റംല ഷെയര്‍ ചെയ്‌തതെന്നും ബി.ജെ.പി നേതാവ് പറയുന്നു.
പല ഉദ്യോഗസ്ഥരുടെ തീവ്രവാദം ബന്ധം ശ്രദ്ധയിൽ പെടുത്തിയിട്ട് പൊലീസ് അത് മൂടിവയ്ക്കുകയാണ് ചെയ്‌തത്. റംലക്കെതിരെ നടപടി എടുക്കാതിരിക്കാന്‍ പൊലീസില്‍ കടുത്ത സമ്മര്‍ദമുണ്ട്. ആശ്ചര്യജനകമായ സംഭവമാണ് ഇക്കാര്യത്തില്‍ ഉണ്ടായതെന്നും ഹരി പറഞ്ഞു. എന്നാൽ, ഫേസ്ബുക് പോസ്റ്റ് ഷെയർ ചെയ്‌തത് ഭർത്താവാണെന്നാണ് റംലയുടെ മൊഴി. അതേസമയം, റംലയ്‌ക്കെതിരായ നടപടിയ്ക്ക് ജില്ല പൊലീസ് മേധാവി കെ കാർത്തിക്ക് ശിപാർശ ചെയ്‌തു. മധ്യമേഖല ഡി.ഐ.ജി നീരജ് കുമാർ ഗുപ്‍തയ്ക്കാണ് ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശം.