കോട്ടയം: യാക്കോബായ-ഓർത്തഡോക്‌സ് തർക്കം നിലനിൽക്കുന്ന അയ്‌മനം കല്ലുങ്കത്ര സെന്‍റ് ജോർജ് പള്ളിയിൽ കോട്ടയം പ്രിൻസിപ്പൽ സബ് കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ പ്രവേശിക്കാനെത്തി ഓർത്തഡോക്‌സ് വിഭാഗം. രാവിലെ(16.09.2022) 10.30ഓടെയാണ് ഓർത്തഡോക്‌സ് സഭ വിശ്വാസികൾ കല്ലുങ്കത്ര പള്ളി വികാരിയായി ഓർത്തഡോക്‌സ് വിഭാഗം നിയമിച്ചിട്ടുള്ള ഭദ്രാസന സെക്രട്ടറി ഫാ. കെ.എം സഖറിയായുടെ നേതൃത്വത്തിൽ പള്ളിയിൽ പ്രവേശിക്കുവാനായി എത്തിയത്. എന്നാൽ യാക്കോബായ വിഭാഗം പള്ളിക്കകത്തും ഗേറ്റിന് മുന്നിലും നിലയുറപ്പിച്ചതോടെ പള്ളിയിൽ പ്രവേശിക്കാനാകാതെ ഓർത്തഡോക്‌സ് വിഭാഗം പള്ളിക്ക് പുറത്ത് പ്രാർഥന നടത്തി മടങ്ങിപ്പോയി.
രാവിലെ മുതൽ തന്നെ യാക്കോബായ വിശ്വാസികൾ ഫാ.തോമസ് കണ്ടാന്തറ, ഫാ.തോമസ് വേങ്കടത്ത്, ഫാ.കുര്യാക്കോസ് കുറിച്ചിമല എന്നീ വൈദികരുടെ നേതൃത്വത്തിൽ പ്രാർഥനായജ്ഞം നടത്തിയിരുന്നു. സംഘർഷാവസ്ഥ കണക്കിലെടുത്ത് സർക്കാർ പ്രതിനിധികൾക്ക് പുറമെ വൻ പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. പള്ളിയിൽ പ്രവേശിക്കുവാൻ കഴിയാതെ വന്നതോടെ പൊലീസ് അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഓർത്തഡോക്‌സ് നേതൃത്വം മടങ്ങിപ്പോയത്.
200 വർഷത്തിലേറെ പഴക്കമുള്ള കല്ലുങ്കത്ര സെൻ്റ് ജോർജ് പള്ളിയുടെ കൈവശാവകാശം ഈയിടെ കോട്ടയം പ്രിൻസിപ്പൽ സബ് കോടതി ഓർത്തഡോക്‌സ് വിഭാഗത്തിന് നൽകിയിരുന്നു. എന്നാൽ നിയമം നടപ്പിലാക്കാൻ പൊലീസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ഓർത്തഡോക്‌സ് സഭ നേതൃത്വം ആരോപിച്ചു. പള്ളി വിട്ടുനൽകില്ലെന്ന നിലപാടിലാണ് യാക്കോബായ നേതൃത്വം.