കോട്ടയം: തീക്കോയി എസ്‌റ്റേറ്റിലെ ചാമപ്പാറ മേഖലയില്‍ കൈതകൃഷിക്കായി മണ്ണിളക്കുന്നതിനെതിരെ പരിസരവാസികളുടെ പ്രതിഷേധം. 40 ഡിഗ്രിയിലേറെ ചെരിവുള്ള സ്ഥലത്ത് ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണിളക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുമെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. പലതവണ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ സ്ഥലത്താണ് ഹിറ്റാച്ചി ഉപയോഗിച്ചുള്ള പ്രവര്‍ത്തി പുരോഗമിക്കുന്നത്. ഇതോടെ കൈതകൃഷി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി.
കഴിഞ്ഞ മഴക്കാലത്തും ഇവിടെ മണ്ണിടിച്ചിലുണ്ടായിരുന്നു. പത്തിലധികം കുടുംബങ്ങള്‍ ഇതിന് താഴെ താമസിക്കുന്നുണ്ട്. കവളപ്പാറയിലും പുത്തുമലയിലും മണ്ണിടിച്ചിലിന് കാരണമായത് മണ്ണിളക്കിയുള്ള കൃഷിയാണെന്ന വാര്‍ത്തകളെ തുടര്‍ന്ന് ഭീതിയിലാണ് പ്രദേശവാസികള്‍. ഓഗസ്റ്റില്‍ തീക്കോയി പഞ്ചായത്ത് ഹാളില്‍ കൂടിയ യോഗത്തില്‍ പ്രദേശത്ത് കൈതകൃഷി അനുവദിക്കില്ലെന്ന് പി.സി ജോര്‍ജ്ജ് എംഎല്‍എ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മേഖലയില്‍ കൃഷി തുടരുകയാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. പ്രദേശവാസികള്‍ ഒപ്പിട്ട നിവേദനവും സെക്രട്ടറിക്ക് കൈമാറി.