കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പിണറായി സർക്കാരിലെ മന്ത്രിയെ പോലെ പെരുമാറുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍. പ്രതിപക്ഷ നേതാവ് ഒത്തുതീർപ്പ് രാഷ്‌ട്രീയം കളിക്കുകയാണ്. കേരളത്തിലെ അഴിമതി കേസുകള്‍ അട്ടിമറിക്കാൻ എൽ.ഡി.എഫും, യുഡിഎഫും സംയുക്തമായി ശ്രമിക്കുകയാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു.
വിദേശ പണം വരുന്നതുമായി ബന്ധപ്പെട്ട കേസുകളിൽ വി.ഡി സതീശന് പരിഭ്രമമാണ്. സതീശനുമായി ബന്ധപ്പെട്ട ചില കേസുകളും ഇങ്ങനെ നിലനിൽക്കുന്നുണ്ട്. അതിലുള്ള പരിഭ്രമം ആണോ ഇതെന്ന് സംശയിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇണ്ടംതുരുത്തി മന കളള് ഷാപ്പ് ആക്കേണ്ട സ്ഥലമാണോയെന്നും സുരേന്ദ്രൻ ചോദിച്ചു. മന സംരക്ഷിക്കണമെന്ന്
ആവശ്യപ്പെട്ടതാണോ ചരിത്ര ബോധമില്ലായ്‌മയായി സിപിഐ കാണുന്നത്. കാശ് കൊടുത്തു വാങ്ങിയ വസ്‌തുക്കൾ വേണ്ടി വന്നാൽ വിട്ടു കൊടുക്കേണ്ടി വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സഹകരണ 'കൊള്ള'യ്‌ക്കെതിരായി ബിജെപി സെക്രട്ടേറിയറ്റ് ധർണ്ണ നടത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. കൊള്ള നടന്നിട്ടുള്ള ബാങ്കുകൾക്ക് മുന്നിലും നിക്ഷേപകരെ വച്ച് സമരം നടത്തും. സിപിഎം നേതാക്കൾ തിന്നു മുടിച്ച സ്ഥാപനങ്ങൾ ആണ് റബ്‌കോ ഉൾപ്പെടെയുള്ള സഹകരണ സ്ഥാപനങ്ങൾ എന്നും സുരേന്ദ്രൻ ആരോപിച്ചു.