കോട്ടയം: മാടപ്പള്ളിയിലെ പൊലീസ് അതിക്രമത്തിനെതിരെ ചങ്ങനാശേരിയില്‍ പ്രഖ്യാപിച്ച ഹര്‍ത്താലിന്‍റെ ഭാഗമായി കെ റെയില്‍ വിരുദ്ധ സമര സമിതി റോഡ് ഉപരോധിച്ചു. സമരക്കാരെ നേരിടാന്‍ വന്‍ പൊലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്നലെ (വ്യാഴാഴ്‌ച) കെറെയില്‍ സമരത്തിനിടെ മാടപ്പള്ളിയിലുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ചങ്ങനാശേരിയില്‍ ഇന്ന് ഹര്‍ത്താൽ പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് ഹര്‍ത്താല്‍.
മാടപ്പള്ളിയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീഷന്‍, യുഡിഎഫ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എംപി, കെ.സി ജോസഫ് എന്നിവർ സന്ദര്‍ശിക്കും. സമരസമിതിയുടെ നേതൃത്വത്തില്‍ രാവിലെ ചങ്ങനാശേരിയില്‍ പ്രകടനം നടത്തിയിരുന്നു. പെരുന്ന ബസ്സ്റ്റാൻഡില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിൽ നിരവധിയാളുകൾ പങ്കെടുത്തു. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. എന്നാല്‍ വാഹനങ്ങള്‍ തടയില്ലെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്.
പ്രാദേശികതലത്തിലും പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്ന് സമരസമിതി അറിയിച്ചു. അതിനിടെ നാളെ (ശനിയാഴ്‌ച) മുതൽ യുഡിഎഫ് സംസ്ഥാന വ്യാപകമായി കെറെയിലിനെതിരെ ജനകീയ സദസുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ചെങ്ങന്നൂരിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ജനകീയ സദസ് ഉദ്‌ഘാടനം ചെയ്യും.
Also Read: മാടപ്പള്ളി പൊലീസ് അതിക്രമം; പ്ലക്കാർഡുകളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍