കോട്ടയം: പൂ വിപണിയില്‍ മുല്ല പൂവിന്റെ വില ഇത്തവണയും റെക്കോഡിലേക്ക്. കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് 6000 രൂപവരെയെത്തിയ പൂവില ഇത്തവണ 4500 മുതല്‍ 5000 രൂപ വരെയെത്തിക്കഴിഞ്ഞു. വില ഉയര്‍ന്നതോടെ വളരെ കുറച്ച് സ്‌റ്റോക്ക് മാത്രമാണ് വില്‍പനക്കാര്‍ എത്തിക്കുന്നത്. ഒരു മുഴം മുല്ല പൂവിന്റെ വില 160 മുതന്‍ 200 വരെയാണ്. കാലാവസ്ഥ പ്രതികൂലമായതോടെയാണ് മുല്ല പൂവിന്റെ വില ക്രമാതീതമായി വര്‍ധിച്ചത്.
തണുപ്പ് കാലമാവുന്നതോടെ വില ഉയരുന്നത് പതിവാണ്. കൃഷിയിടങ്ങളിലെ മഞ്ഞ് വീഴ്ചയെ തുടര്‍ന്നാണ് വില ഇത്രയധികം വര്‍ധിച്ചതെന്നാണ് വ്യാപാരികള്‍ പറയുന്നത്. വിവാഹ സീസണായതും വിലവര്‍ധനവിന് കാരണമായി . വില വര്‍ധിച്ചതോടെ കേരളത്തിലേക്കുള്ള പൂക്കളുടെ വരവും കുറഞ്ഞു. താരതമ്യേന വില കുറഞ്ഞ മൈസൂര്‍ മുല്ലയുടെ ഉപയോഗം ഇതോടൊപ്പം വര്‍ധിച്ചിട്ടുണ്ട്. അരളി പൂവിന്റെ വിലയും മുന്‍കാലങ്ങളിലേതിനെക്കാള്‍ വര്‍ധിച്ചു. 480 രൂപയാണ് അരളിയുടെ വില. തേനി, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പൂക്കളെത്തുന്നത്. വരും ദിവസങ്ങളില്‍ വില കുറയുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.