കോട്ടയം: രാജ്യത്ത് നിലനില്‍ക്കുന്ന വർഗീയതയ്‌ക്കും വിഭാഗീയതയ്ക്കുമെതിരെ ഒറ്റക്കെട്ടായി പോരാടണമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. കോട്ടയത്ത് 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ജില്ല തല ഉദ്‌ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ ചിലയിടങ്ങളില്‍ സവർണ്ണ മേധാവിത്വം നിലനിൽക്കുന്നുണ്ട്.
രാജ്യത്തിന്‍റെ മതനിരപേക്ഷത തകർക്കാൻ ശ്രമിക്കുന്ന വര്‍ഗീയ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ജാഗ്രതയോടെ മുന്നോട്ട് നീങ്ങണമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിൽ ദാഹജലമെടുത്തതിന് അധ്യാപകൻ കുട്ടിയെ തല്ലിക്കൊന്ന സംഭവം ഞെട്ടലുണ്ടാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ രാവിലെ ഒമ്പത് മണിക്ക് മന്ത്രി ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. പൊലീസ്, ഫോറസ്റ്റ്. എക്‌സൈസ്, ഫയർ ഫോഴ്‌സ്, എസ്.പി.സി, എൻ.സി.സി, റെഡ് ക്രോസ് തുടങ്ങി 21 പ്‌ളാറ്റൂണുകൾ പരേഡിൽ പങ്കെടുത്തു. കോട്ടയം വെസ്റ്റ് ഹൗസ് സ്റ്റേഷൻ ഓഫിസർ ആർ.പി അനൂപ് കൃഷ്‌ണന്‍ പരേഡ് കമാന്‍ഡറായി. പരേഡിൽ അണിനിരന്ന മികച്ച പ്‌ളാറ്റൂണുകൾക്ക് മന്ത്രി ട്രോഫികൾ നൽകി. ചടങ്ങിന്‍റെ ഭാഗമായി വിവിധ കലാപരിപാടികളും നടന്നു.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എല്‍.എ, തോമസ് ചാഴിക്കാടൻ എം.പി, ജില്ല കലക്‌ടർ ഡോ.പി.കെ ജയശ്രീ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമ്മല ജിമ്മി, നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ല പൊലീസ് മേധാവി കെ. കാർത്തിക്, എ.ഡി.എം ജിനു പുന്നുസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
also read: ഫെഡലറിസം പുലരണം, കിഫ്ബി പരാമര്‍ശിച്ച് ഇഡിയെ വിമര്‍ശിച്ച് മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം