ഇടുക്കി: ക്രിസ്‌മസ്, പുതുവത്സര അവധി ആഘോഷങ്ങളുടെ ഭാഗമായി നിരവധി സഞ്ചാരികളാണ് ജില്ലയിലേക്ക് എത്തുന്നത്. കഴിഞ്ഞ ഒരാഴ്‌ചയ്ക്കുള്ളില്‍ ഡിടിപിസി സെന്‍ററുകളില്‍ മാത്രം എത്തിയത് ലക്ഷക്കണക്കിന് സന്ദർശകരാണ്. ഡിടിപിസി വിനോദ സഞ്ചാര കേന്ദ്രങ്ങളിലും, ഹൈഡൽ പാർക്കുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
ഡിടിപിസിയുടെ മാട്ടുപ്പെട്ടി, രാമക്കല്‍മേട്, അരുവിക്കുഴി, ശ്രീനാരായണപുരം, വാഗമണ്‍ മൊട്ടക്കുന്ന്, വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്ക്, പാഞ്ചാലിമേട്, ഇടുക്കി ഹില്‍ വ്യൂ പാര്‍ക്ക്, മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒരാഴ്‌ചയായി ആയിരകണക്കിന് സഞ്ചാരികളാണ് എത്തിയത്. ക്രിസ്‌മസ് ദിനത്തില്‍ 21,749 സന്ദര്‍ശകർ ഡിടിപിസി കേന്ദ്രങ്ങളില്‍ എത്തി.
കഴിഞ്ഞ 24 മുതല്‍ 27 വരെ 69,428 സന്ദര്‍ശകര്‍ എത്തി. കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നതിനാല്‍ ഡിടിപിസിയുടെ വരുമാനവും വര്‍ധിച്ചു. വാഗമണ്‍ മൊട്ടക്കുന്ന്, മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, പാഞ്ചാലിമേട് എന്നിവിടങ്ങളിലാണ് കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത്.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേതുപോലെ ഹെെറേഞ്ചിലെ വിദൂര ഗ്രാമങ്ങളില്‍ പോലും സഞ്ചാരികളെത്തുന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്. ജീപ്പ് സഫാരി നടത്തുന്നവരും പാക്കേജ് ടൂറിസം പദ്ധതികള്‍ നടപ്പാക്കുന്ന ഹോട്ടലുകളുമാണ് സന്ദര്‍ശകരെ ഗ്രാമങ്ങളിലേക്ക് എത്തിക്കുന്നത്. ഗ്രാമീണ വിനോദ സഞ്ചാര മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിച്ചതായി നാട്ടുകാരും പറയുന്നു.
സഞ്ചാരികളെ ആകർഷിക്കുന്നതിനായി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കലാമേളകളും സംഘടിപ്പിച്ചിട്ടുണ്ട്. ജനുവരി പകുതിവരെ സഞ്ചാരികളുടെ തിരക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.