കോട്ടയം: കൊവിഡ് മഹാമാരി കഴിഞ്ഞ വർഷത്തെ വിഷു ആഘോഷങ്ങളുടെ നിറം കെടുത്തിയതിനാൽ ഇത്തവണ വിഷു ആഘോഷിക്കാൻ കാത്തിരിക്കുകയാണ് ഓരോ മലയാളികളും. കണിവെള്ളരിയും കൊന്നപ്പൂവും ഫല ധാന്യങ്ങളും നാണയവും വെച്ച് കണി ഒരുക്കുമ്പോൾ കൃഷ്ണ വിഗ്രഹം ഒഴിച്ചുകൂടാനാകില്ല.
വിഷു അടുത്തെത്തിയതോടെ കണിയൊരുക്കാനായി ഉണ്ണിക്കണ്ണൻമാരുടെ രൂപങ്ങൾ വഴിയോരങ്ങളിൽ നിറഞ്ഞുകഴിഞ്ഞു. കോട്ടയം വടവാതൂരിലാണ് രാജസ്ഥാൻ സ്വദേശിയായ ബാബു, ശ്രീകൃഷ്ണ രൂപങ്ങൾ വിൽപനയ്ക്കായി അണിനിരത്തിയിരിക്കുന്നത്.
അച്ചുകളുപയോഗിച്ച് പ്ളാസ്റ്റർ ഓഫ് പാരീസും വൈറ്റ് സിമന്‍റും ഉപയോഗിച്ച് നിർമ്മിച്ച മേഘവർണത്തിലും കറുപ്പ്, നീല, വെള്ള, ചന്ദനം എന്നീ നിറങ്ങളിലുമുള്ള കയ്യിൽ ഓടക്കുഴലേന്തിയ ഉണ്ണിക്കണ്ണൻമാരുടെ രൂപങ്ങൾ വഴിയോരത്ത് നിരന്നിരിക്കുന്നത് മനം കവരുന്ന കാഴ്ചയാണ്. കൊവിഡ് വ്യാപനം വിപണിക്ക് മങ്ങലേൽപ്പിക്കുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ കച്ചവടം കൂടുമെന്നാണ് ഇവരുടെ പ്രതീക്ഷ. വലിപ്പം അനുസരിച്ച് 120, 180, 350, 450, 550 എന്നിങ്ങനെണ് കൃഷ്ണ വിഗ്രഹങ്ങളുടെ വില.