കോട്ടയം: തലയോലപ്പറമ്പിൽ നൂറുകിലോയിലധികം കഞ്ചാവ് പിടിച്ച കേസിന് പിന്നിൽ വൻ റാക്കറ്റ് ഉണ്ടെന്ന് സൂചന. ഞായറാഴ്‌ച(ഒക്‌ടോബര്‍ 9) പുലര്‍ച്ചെയാണ് തലയോലപ്പറമ്പിൽ വച്ച് കാറിൽ കടത്തിയ കഞ്ചാവ് പിടിച്ചത്. നർക്കോട്ടിക് വിഭാഗവും വൈക്കം തലയോലപ്പറമ്പ് പൊലീസും ചേർന്നാണ് റെയ്‌ഡ് നടത്തിയത്.
കോട്ടയം കാണക്കാരി സ്വദേശി രഞ്ജിത്ത് രാജു (26 ) കോട്ടയം വില്ലൂന്നി സ്വദേശി കെൻസ് സാബു (28) എന്നിവരാണ് കേസിൽപിടിയിലായത്. സാമ്പത്തികശേഷി കുറവായ പ്രതികളായ രഞ്ജിത്ത് രാജുവിനും കെൻസ് ബാബുവിനും ഇത്രയും കൂടിയ അളവിൽ കഞ്ചാവ് വാങ്ങാനുള്ള പണം ലഭിച്ചത് എവിടെ നിന്നാണെന്ന് അന്വേഷിക്കും. പ്രതികളുടെ പിന്നിൽ വൻ ലഹരി റാക്കറ്റ് സജീവമാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.
പ്രതികളുടെ മൊബൈൽ ഫോണിലെ കോൾ ലിസ്റ്റ് ശേഖരിക്കും. കൂടുതൽ തെളിവെടുപ്പിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുകയും ഇവരുമായി ബന്ധപ്പെടുന്ന കണ്ണികളെ പറ്റി കൂടുതൽ അന്വേഷിക്കുകയും ചെയ്യും. ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് വരുന്ന വഴി വില്‍പന നടത്തിയിട്ടുണ്ടോ, ഇവർ ഉപയോഗിച്ച കാർ ആരുടേത് തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിക്കും.
ചില്ലറ വിൽപനകാര്‍ക്ക് വേണ്ടിയാണ് ആന്ധ്രാപ്രദേശിൽ നിന്നും കഞ്ചാവ് വാങ്ങിയതെന്നാണ് പ്രതികൾ പൊലീസിന് നല്‍കിയ മൊഴി. കഞ്ചാവിന്റെ ഉറവിടവും കൂട്ടു പ്രതികളെയും കണ്ടെത്താൻ അന്വേഷണസംഘത്തെ നിയോഗിച്ചു. പ്രതികളെ റിമാൻഡ് ചെയ്‌തു. തലയോലപറമ്പ് സിഐ കെ എസ് ജയൻ, വൈക്കം സിഐ കെ ജി കൃഷ്‌ണൻ പോറ്റി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് തുടരന്വേഷണ ചുമതല.