കോട്ടയം: പാലാ ജനറല്‍ ആശുപത്രിയില്‍ തേനീച്ച ശല്യം രൂക്ഷമെന്ന് പരാതി. പ്രസവ വാര്‍ഡിലടക്കം രാത്രി കാലങ്ങളില്‍ ഈച്ചയുടെ ശല്യം മൂലം പൊറുതി മുട്ടുകയാണ് രോഗികളും കൂട്ടിരിപ്പുകാരും. കഴിഞ്ഞ ദിവസം രോഗിക്ക് ഈച്ചയുടെ കുത്തേറ്റു. ആശുപത്രി കെട്ടിടത്തിലും പുതിയ ബില്‍ഡിംഗിലും കോംപൗണ്ടിലുമായി എകദേശം 18 ഓളം പെരുന്തേനിച്ച കൂടുകളാണുള്ളത്. ഇതില്‍ ഏറ്റവും അധികം അപകട ഭിഷണി ഉയര്‍ത്തുന്നത് പ്രസവ വാര്‍ഡിനോട് ചേര്‍ന്നുള്ള തേനീച്ച കൂടാണ്. രാത്രിയില്‍ വാര്‍ഡില്‍ വെളിച്ചമിടാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. വെളിച്ചമുള്ളിടത്തേക്ക് ഈച്ചകള്‍ കൂട്ടമായി പറന്നെത്തുകയാണ്. ടോയ്‌ലറ്റിനുള്ളില്‍ പോലും ലൈറ്റിടാന്‍ കഴിയുന്നില്ലെന്നാണ് പരാതി.
ആശുപത്രി അധികൃതരോട് പരാതിപ്പെട്ടിട്ട് നടപടിയില്ലെന്നും രോഗികള്‍ പറയുന്നു. ഏറെ ഭീതിയോടെയാണ് പ്രസവ വാര്‍ഡില്‍ ഉള്ളവര്‍ കഴിയുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന മന്ദിരത്തില്‍ 12ളം തേനീച്ച കൂടുകൾ ഉണ്ട്. ആശുപത്രി മുറ്റത്തെ നെല്ലിമരത്തിലും പെരുന്തേനിച്ചകള്‍ കൂട് കൂട്ടിയിട്ടുണ്ട്. രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവണമെന്ന ആവശ്യം ശക്തമാണ്.