കോട്ടയം: പാലാ നഗരത്തില്‍ വീണ്ടും വെള്ളം കയറുന്നു. കിഴക്കന്‍ മേഖലയിലാകെ രാത്രി മുഴുവന്‍ പെയ്‌ത കനത്ത മഴയാണ് വെള്ളപ്പൊക്കത്തിന് കാരണം. ഈരാറ്റുപേട്ട-പാലാ റോഡിൽ പനയ്ക്കപ്പാലം, അമ്പാറ, മൂന്നാനി എന്നിവിടങ്ങളിൽ റോഡിൽ വെള്ളം കയറി. മൂന്നാനിയിൽ വലിയ വാഹനങ്ങളെ കടത്തി വിടുന്നുണ്ട്.
മലയോര മേഖലകളിൽ നിന്നും വെള്ളം ഒഴുകിയെത്തുന്നതിനാൽ ജലനിരപ്പ് ഇനിയും ഉയരുമെന്നാണ് ആശങ്ക. വെള്ളപ്പൊക്കത്തിനുള്ള സാധ്യത കണക്കിലെടുത്ത് പാലായിൽ വ്യാപാരികൾ സാധന സാമഗ്രികൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങി. ഇന്നലെ രാത്രി എട്ട് മണിയോടെ തുടങ്ങിയ മഴ പുലര്‍ച്ചെ നാല് മണിവരെ തുടർച്ചയായി പെയ്തു. മലയോരങ്ങളിലാകെ ഉറവ പൊട്ടിയിട്ടുണ്ട്. മീനച്ചിലാറിലേക്ക് കിഴക്കൻ മേഖലകളിൽ നിന്നും വെള്ളം കലങ്ങിമറിഞ്ഞെത്തുകയാണ്. പുലർച്ചെ മുതൽ മഴ കുറഞ്ഞിട്ടുണ്ട്. എങ്കിലും മഴ വീണ്ടും തുടരുമെന്നാണ് വിലയിരുത്തൽ. ഇന്നലെ മുതൽ പലയിടങ്ങളിലും ഉരുൾപൊട്ടിയതായി വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.